കോഴിക്കോട് മുസ്‌ലിം ലീഗ് നേതാവ് സദാചാര പൊലീസ് ചമഞ്ഞ സംഭവം; പരാതി അട്ടിമറിക്കാൻ സ്കൂൾ അധികൃതരുടെ ശ്രമമെന്ന് ആരോപണം
.
കോഴിക്കോട് തലക്കുളത്തൂർ പഞ്ചായത്ത് അംഗമായ പ്രാദേശിക മുസ്ലീം ലീഗ് നേതാവ്, സദാചാര പൊലീസ് ചമഞ്ഞ സംഭവത്തിൽ നേതാവിനെതിരായ പരാതി അട്ടിമറിക്കാൻ സ്കൂൾ അധികൃതരുടെ ശ്രമമെന്ന് ആരോപണം. വിഷയം സ്കൂൾ അധികൃതർ ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായി വിദ്യാർത്ഥികളും മാതാപിതാക്കളും ആരോപിച്ചു. സംഭവത്തിൽ SFI സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

തിങ്കളാഴ്ച രാവിലെയാണ് ക്രിസ്മസ് പരീക്ഷ എഴുതാൻ പോകുന്ന വഴിയിൽ തലക്കുളത്തൂർ CMM ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി തലക്കുളത്തൂർ പഞ്ചായത്ത് മെമ്പറും പ്രാദേശിക മുസ്ലിം ലീഗ് നേതാവുമായ അബ്ദുൽ ജലീൽ സദാചാര പോലീസ് ചമയാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ കൈക്ക് കയറി പിടിച്ചതായും, മറ്റു വിദ്യാർത്ഥികളെ മർദ്ദിച്ചതായും എലത്തൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ, സ്കൂൾ അധികൃതർക്ക് കുട്ടികളുടെ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതി പൂർണ്ണമായും വക്രീകരിച്ച്, കുട്ടികളെ പഴിചാരുകയാണ് സ്കൂൾ അധികൃതർ എന്നും, ഇത് ലീഗ് നേതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും രക്ഷിതാക്കൾ പറഞ്ഞു. കുട്ടികൾക്ക് പിന്തുണയുമായി SFI യും രംഗത്തെത്തി. പരാതി പിൻവലിക്കാൻ പ്രാദേശിക മുസ്ലീം ലീഗ് നേതൃത്വം രക്ഷിതാക്കൾക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണെന്നും ആരോപണമുണ്ട്.




