KOYILANDY DIARY.COM

The Perfect News Portal

വീണ്ടും സൈബർ തട്ടിപ്പ്: ‘ഐപിഒ’ നിക്ഷേപത്തട്ടിപ്പിൽ 74 കാരന് നഷ്ടമായത് 1.33 കോടി രൂപ

.

പിടിച്ചു കെട്ടാനാകാത്ത രീതിയിൽ രാജ്യത്തെ സൈബർ തട്ടിപ്പുകൾ വ്യാപിക്കുന്നു. ബെംഗളൂരുവിൽ നിക്ഷേപ തട്ടിപ്പിലൂടെ 74 കാരന് നഷ്ടമായത് 1.33 കോടി രൂപ. ഒരു വെൽത്ത് മാനേജ്‌മെന്റ് കമ്പനിയുടെ പ്രതിനിധിയായി എത്തിയാണ് തട്ടിപ്പുകാരൻ വയോധികന്റെ ജീവിത സമ്പാദ്യമായ കോടികൾ അടിച്ചുമാറ്റിയത്. ബെംഗളൂരു സ്വദേശിയായ ശിവകുമാർ ഓൺലൈനിൽ കണ്ട ‘ആനന്ദ് രതി വെൽത്ത് ലിമിറ്റഡ്’ എന്ന വെബ്‌സൈറ്റിലെ നമ്പരിൽ ബന്ധപ്പെട്ടതാണ് തട്ടിപ്പിന്റെ തുടക്കം.

 

സൈറ്റിലുണ്ടായിരുന്ന നമ്പറിൽ വിളിച്ച ശിവകുമാറിനെ ‘അങ്കിത് മഹേഷ്’ എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി തങ്ങളുടെ കമ്പനിയുടെ പദ്ധതികളെപ്പറ്റി വിശദീകരിച്ചു. വിവിധ ഐപിഒകളിൽ നിക്ഷേപിച്ച് കോടികൾ സമ്പാദിക്കാമെന്നും ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് ഇയാൾ തന്നെ ഒരു ലിങ്ക് അയച്ചു കൊടുക്കുകയും ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർദേശിക്കുകയും ചെയ്തു.

Advertisements

 

 

തട്ടിപ്പുകാരൻ അയച്ചു കൊടുത്ത ആപ്പിലേക്ക് ശിവ കുമാർ തന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 1.15 കോടി രൂപ അയച്ചു കൊടുക്കുകയായിരുന്നു. ഇത് കൂടാതെ, ബന്ധുവായ വിനയ് കുമാറിന്റെ കാനറ ബാങ്ക് അക്കൗണ്ടിൽ നിന്ന് 18 ലക്ഷം രൂപയും ട്രാൻസ്ഫർ ചെയ്തു. ഇങ്ങനെ മൊത്തത്തിൽ 1,33,50,000 രൂപയാണ് തട്ടിപ്പുകാരൻ കുറഞ്ഞ സമയം കൊണ്ട് പോക്കറ്റിലാക്കിയത്.

 

പണം കിട്ടിയതോടെ മഹേഷിന്റെ ഒരു വിവരവും ഇല്ലാതായതോടെയാണ് താൻ തട്ടിപ്പിന് ഇരയായി എന്ന് ശിവകുമാറിന് മനസിലായത്. തുടർന്ന് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ നാഷണൽ സൈബർ ക്രൈം സെല്ലിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Share news