ബണ്ടി ചോര്‍ കേരളത്തില്‍; സ്റ്റേഷനില്‍ തടഞ്ഞുവെച്ച് റെയില്‍വെ പൊലീസ്
.
കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ (ദേവീന്ദർ സിംഗ്) വീണ്ടും കേരളത്തില്‍ കസ്റ്റഡിയില്‍. വിവിധ സംസ്ഥാനങ്ങളില്‍ എഴൂന്നൂറിലധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് പൊലീസ് കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ കൊച്ചിയിലെത്തിയപ്പോഴായിരുന്നു ഇടപെടല്‍. വിവര ശേഖരണത്തിന്റെ ഭാഗമായുള്ള കരുതല്‍ തടങ്കലിലാണ് ഇയാളെന്നാണ് പൊലീസിന്റെ വിശദീകരണം.

ഹൈക്കോടതിയിലുള്ള കേസിന്റെ ആവശ്യത്തിന് എത്തിയെന്നാണ് ബണ്ടി ചോറിന്റെ വിശദീകരണം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഇയാളെ റെയില്‍വെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒരു ബാഗ് മാത്രമാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. ഇയാള്‍ നല്കിയ വിവരങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടില്‍ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പൊലീസ് പിടികൂടിയിരുന്നു. ധനികരുടെയും ഉന്നതരുടെയും വീടുകളില്‍ മാത്രം മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. കേരളത്തില്‍ പിടിയിലായതിന് പിന്നാലെ പത്തുവര്‍ഷത്തോളം ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ഇയാള്‍ പുറത്തിറങ്ങിയത്. മോഷണം നിര്‍ത്തും എന്ന് അന്ന് ഇയാള്‍ ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം യു പിയില്‍ നിന്നും സമാനമായ കേസില്‍ ഡല്‍ഹി പൊലീസ് ബണ്ടി ചോറിനെ പിടികൂടുകയും ചെയ്തിരുന്നു.




