രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ ഇനി സിഐഎസ്എഫിന്
.
രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്. സമുദ്ര അതിർത്തികളിലുടനീളമുള്ള 250 ഓളം തുറമുഖങ്ങളുടെ സുരക്ഷാ റെഗുലേറ്ററായി സിഐഎസ്എഫിനെ നിയമിച്ചു. സുരക്ഷാ സംവിധാനങ്ങളും ഗാഡ്‌ജെറ്റുകളും സ്ഥാപിക്കുന്നതിനും ഹൈബ്രിഡ് സുരക്ഷാ വിന്യാസത്തിന്റയും ചുമതല സിഐഎസ്എഫ് വഹിക്കും. ഭീകര വാദ – അട്ടിമറി വിരുദ്ധ നടപടികൾ ഉൾപ്പെടെ പ്രധാന സുരക്ഷാ വിഷയങ്ങൾ സിഐഎസ്എഫ് കൈകാര്യം ചെയ്യും. ഗതാഗത മാനേജ്മെന്റ്, ഗേറ്റ് നിയന്ത്രണം തുടങ്ങിയ ചുമതലകൾ സ്വകാര്യ സുരക്ഷാ ഏജൻസികളോ സംസ്ഥാന പൊലീസ് സേനകളോ നിർവഹിക്കും.

നിലവിൽ 13 പ്രധാന തുറമുഖങ്ങൾ സിഐഎസ്എഫ് പരിധിയിലാണെങ്കിലും, 67 അധിക പ്രധാന തുറമുഖങ്ങളിലെ സുരക്ഷ ഉടൻ തന്നെ ഈ സേന കൈകാര്യം ചെയ്യും. കാർഗോ സ്‌ക്രീനിംഗ്, ആക്‌സസ് കൺട്രോൾ, മറ്റ് സുരക്ഷാ വിശദാംശങ്ങൾ എന്നിവ പ്രധാനമായും ഈ സേന കൈകാര്യം ചെയ്യും. ഇന്ത്യയിൽ കുറഞ്ഞത് 200 ഓളം ചെറുതും വലുതുമായ തുറമുഖങ്ങളുണ്ടെങ്കിലും 65 എണ്ണം മാത്രമേ കാർഗോ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളൂ. നിലവിൽ സിഐഎസ്എഫ് പരിധിയിൽ ഇല്ലാത്ത മറ്റ് തുറമുഖങ്ങളിലെ സുരക്ഷ സംസ്ഥാന പൊലീസും സ്വകാര്യ ഏജൻസികളുമാണ് കൈകാര്യം ചെയ്യുന്നത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ നടത്തിയ സുരക്ഷാ യോഗങ്ങളിലാണ് തുറമുഖ സുരക്ഷ ശക്തിപ്പെടുത്താൻ തീരുമാനിച്ചത്.




