രാഷ്ട്രപതിയുടെ റെഫറൻസ്: ഗവർണർമാരുടെ അധികാരം സംബന്ധിച്ച സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇന്ന്
.
ബില്ലുകളിൽ തീരുമാനമെടുക്കുന്നത് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതിയുടെ വിധിയുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രപതിയുടെ റഫറൻസിൽ ഭരണഘടനാ ബെഞ്ചിൻ്റെ വിധി ഇന്ന്. 14 ചോദ്യങ്ങളാണ് റഫറൻസിൽ രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത്. റഫറൻസിൽ സുപ്രീം കോടതി എടുക്കുന്ന തീരുമാനം കേരളമടക്കം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഏറെ നിർണായകമാണ്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. ചില സംഭവങ്ങളുടെ പേരിൽ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി വാദത്തിനിടെ വ്യക്തമാക്കിയിരുന്നു. കാലതാമസം നേരിടുന്ന കേസുകളുണ്ട്. അത്തരം സംഭവങ്ങളിൽ കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.

ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിൻ്റെ നിലപാട്. ഗവർണറും രാഷ്ട്രപതിയും സമയപരിധി പാലിക്കാത്തതിൻ്റെ അനന്തരഫലങ്ങളെ കുറിച്ചും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ആശങ്ക അറിയിച്ചിരുന്നു. ഗവർണർമാർ ബില്ലുകൾ തടഞ്ഞു വെയ്ക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമയപരിധികൾ ആവശ്യമാണ് എന്നായിരുന്നു റഫറൻസിൽ കേരളം അടക്കം സംസ്ഥാനങ്ങൾ വാദിച്ചത്.




