KOYILANDY DIARY.COM

The Perfect News Portal

കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി ചുമതലയേറ്റു

.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ചടങ്ങിൽ അഡ്വ. കെ രാജു ദേവസ്വം ബോർഡ് അംഗമായും സത്യപ്രതിജ്ഞ ചെയ്തു. രണ്ട് വർഷത്തേക്കാണ് കാലാവധി. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം, മലയാള സർവകലാശാലയുടെ വൈസ് ചാൻസലറായും കെ ജയകുമാർ പ്രവർത്തിച്ചിട്ടുണ്ട്.

 

ഒന്നാം പിണറായി സർക്കാരിൽ വനം മന്ത്രിയായിരുന്ന കെ രാജു സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. മുൻ പ്രസിഡണ്ട് പി എസ് പ്രശാന്തും അംഗം എ അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. ശബരിമലയോടുള്ള വിശ്വാസം തിരിച്ച് സ്ഥാപിക്കുമെന്നും സംഭവിച്ച കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കുമെന്നും പ്രസിഡണ്ടായി സ്ഥാനമേറ്റെടുത്ത ശേഷം കെ ജയകുമാർ പ്രതികരിച്ചു. ‘ഇനി വിശ്വാസം വ്രണപ്പെടില്ല. വിശ്വാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമായി ബോർഡിനെ മാറ്റും’ – അദ്ദേഹം പറഞ്ഞു.

Advertisements

 

 

കെ ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ആയത് തനിക്ക് അഭിമാനമുണ്ടെന്ന് മുൻ പ്രസിഡണ്ട് പി എസ് പ്രശാന്ത് പറഞ്ഞു. സർക്കാർ ശബരിമലയുടെ വികസനത്തിനുവേണ്ടി എടുക്കുന്ന താത്പര്യം മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ആയതിൽ ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി വി എൻ വാസവനും പറഞ്ഞു. ഐ എ എസുകാരനൊപ്പം അദ്ദേഹം കലാസാംസ്കാരിക രംഗത്തും കഴിവുള്ള വ്യക്തിയാണെന്ന് തെളിയിച്ചിട്ടുണ്ട്. ഭാവി പ്രവർത്തനത്തിന് ജയകുമാറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

Share news