തങ്കമല എസ്റ്റേറ്റിൽ നടക്കുന്ന ഖനനത്തിന് ദേശീയ ഹരിത ട്രൈബ്യൂണൽ കേസെടുത്തു
.
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിലെ തുറയൂർ കീഴരിയൂർ വില്ലേജിൽ വ്യാപിച്ച് കിടക്കുന്ന തങ്കമല എസ്റ്റേറ്റിലെ കരിങ്കൽ ഖനനത്തിനും ക്രഷറിനും മണ്ണെടുപ്പിനും എതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ ചെന്നൈ ബെഞ്ച് കേസെടുത്തു നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. തങ്കമല എസ്റ്റേറ്റിൽ നടക്കുന്ന ഖനനത്തിന് വ്യവസ്ഥകൾക്ക് വിധേയമായി പരിസ്ഥിതി വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും അനുമതി നൽകിയതാണ്. വ്യവസ്ഥകൾ ലംഘിച്ച് നടക്കുന്ന കരിങ്കൽ ഖനനത്തിനും ക്രഷറിൻ്റെയും മണ്ണെടുപ്പിൻ്റെയും പേരിൽ നാട്ടുകാർ നിരവധി പരാതികൾ സർക്കാരിന് നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് നാട്ടുകാർ ദേശീയ ഹരിത ട്രെബ്യൂണൽ ചെന്നൈ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

പരിസ്ഥിതി വകുപ്പ് അംഗീകരിച്ച് ഖനന പ്ലാനിന് വിരുദ്ധമായും തൊട്ടടുത്തുള്ള വീടുകൾക്കുണ്ടാകുന്ന പ്രകമ്പനം സംബന്ധിച്ച പഠനം നടത്താതെയും ഖനനം മൂലം പ്രദേശവാസികൾക്കുണ്ടാകുന്ന പ്രയാസങ്ങൾ മനസ്സിലാക്കാൻ പ്രദേശവാസികൾ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കണമെന്ന വ്യവസ്ഥ ലംഘിച്ചതിനാലും ഖനന പരിസരത്ത് മരങ്ങൾ വെച്ച് പിടിപ്പിച്ച് പരിപാലിക്കണമെന്ന വ്യവസ്ഥ പാലിക്കാത്തത് കൊണ്ടും കാലത്തും വൈകുന്നേരവും ഖനന വസ്തുക്കൾ കയറ്റിയ വാഹനം പോകരുതെന്നും വാഹനത്തിൽ നിന്നും പൊടിപാറരുതെന്ന വ്യവസ്ഥ ലംഘിച്ചത് കൊണ്ടും കാലത്ത് 7 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രമേ ഖനനം പാടുള്ളൂ എന്ന വ്യവസ്ഥ ലംഘിച്ചത് കൊണ്ടും ഖനന പ്ലാനിൽ വ്യക്തമാക്കിയതിൽ നിന്നും വ്യത്യസ്ഥമായ ആഴത്തിലും വീതിയിലും ഖനനം നടത്തിയതിനാലും അനുവദനീയമായതിലും കൂടുതൽ ശബ്ദമലിനീകരണം ഉണ്ടായതിനാലും പാറ പൊട്ടിക്കുമ്പോൾ നീക്കം ചെയ്യുന്ന മല മുകളിലെ മണ്ണ് പാറ പൊട്ടിച്ച കുഴി നികത്താൻ സൂക്ഷിച്ച് വെക്കണമെന്ന വ്യവസ്ഥ പാലിക്കാത്തത് കൊണ്ടും മല മുകളിലെ ക്വാറിയിൽ മഴക്കാലത്ത് വെള്ളം നിറഞ്ഞ് അത് ജല ബോംബായി നിന്ന് താഴ്വാരത്ത് താമസിക്കുന്ന പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും പരിസ്ഥിതിക്കും ഭീഷണിയായതിനാലും ആണ് ദേശീയ ഹരിത ടൊബ്യുണനലിനെ സമീപിച്ചത്.



