വേങ്ങര ഫുഡ് ഫാക്ടറിയില്‍ തീയിട്ട സംഭവത്തിൽ പ്രതി അറസ്റ്റില്‍
.
മലപ്പുറം: വേങ്ങര കണ്ണമംഗലത്തെ ഇന്ത്യന്‍ മോഡേണ്‍ ഫുഡ് ഫാക്ടറിയില്‍ തീയിട്ട സംഭവത്തിൽ പ്രതി അറസ്റ്റില്‍. വേങ്ങര കണ്ണമംഗലം സ്വദേശിയായ ദേവരാജാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ദേവരാജിനെ തമിഴനാട്ടിൽ നിന്നാണ് പൊലീസ് പിടിക്കൂടിയത്. ട്രിച്ചിയിലുളള ബന്ധു വീട്ടില്‍ നിന്നുമാണ് പ്രതിയെ കണ്ടെത്തിയത്. മദ്യ ലഹരിയിലാണ് കൃത്യം ചെയ്തത് എന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. തീയിട്ടതിന് ശേഷം സിസിടിവി ക്യാമറകള്‍ തകര്‍ത്തത് തെളിവ് നശിപ്പിക്കാനായിരുന്നെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാസം 20നാണ് ഇന്ത്യന്‍ മോഡേണ്‍ ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മനഃപൂര്‍വ്വം തീയിട്ടതാണെന്ന് കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിക്കുകയായിരുന്നു. പ്രതി വാതില്‍ തുറന്ന് അകത്ത് കയറുന്നതും ഓഫീസ് സാമഗ്രികൾ തകര്‍ക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സിപിയുവുകളും മോണിറ്ററുകളും തള്ളിയിടുകയും സോഫയും കസേരയും അലമാരയും മറ്റും ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദേവരാജിനെ തിരിച്ചറിയിക്കുകയും പ്രതിക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

നാല് യുവസംരംഭകര്‍ ചേര്‍ന്ന് ആരംഭിച്ച ഫുഡ് ഫാക്റ്ററിയായിരുന്നു ഇന്ത്യന്‍ മോഡേണ്‍ ഫുഡ് ഫാക്ടറി. നവംബര്‍ 20ന് ഉദ്ഘാടനം നടത്താനിരിക്കവെയായിരുന്നു സംഭവം. കമ്പ്യൂട്ടറുകളും ഓഫീസ് സാമഗ്രികളുമടക്കം 15 ലക്ഷം രൂപയുടെ വസ്തുക്കള്‍ കത്തിനശിച്ചതായാണ് സംരഭകര്‍ പറയുന്നത്.




