KOYILANDY DIARY.COM

The Perfect News Portal

വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗണഗീതം പാടിച്ചു. കടുത്ത വിമർശനം ഉയർന്നു. ഒടുവിൽ റെയിൽവെ എക്സ് പോസ്റ്റ് പിൻവലിച്ചു

വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങുമായി ബന്ധപ്പെട്ട് ആദ്യ യാത്രയിൽ കുട്ടികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ച് വീഡിയോ പങ്കുവച്ചു. ദക്ഷിണ റെയിൽവേയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് വീഡിയോ പുറത്തുവന്നത്. എന്നാൽ സംഭവം വിവാദമായതോടെ റെയിൽവേ വീഡിയോ പിൻവലിച്ചു.

എറണാകുളത്ത് നടന്ന വന്ദേ ഭാരത് ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള പരിപാടിക്കിടെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക എക്സ് (X) പേജിലാണ് (മുമ്പ് ട്വിറ്റർ) വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക പരിപാടികൾ നടക്കുന്നിടത്ത് ആർഎസ്എസിന് എന്ത് പങ്കാണുള്ളതെന്ന് ചോദ്യമുയരുന്നു. ഇന്ത്യയുടെ ഭരണ സംവിധാനങ്ങളെ മുഴുവൻ സംഘവൽക്കരിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ഇടപെടലായിട്ടാണ് ഇതിനെ കാണേണ്ടി വരും എന്ന് വിലയിരുത്തപ്പെടുന്നു.

ഇന്ന് രാവിലെ എറണാകുളത്തു നിന്നും ബാംഗ്ലൂരുവിലേക്ക് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചപ്പോൾ കുട്ടികൾക്ക് പ്രത്യേകമായ യാത്ര സൗകര്യം നൽകിയിരുന്നു. ഈ യാത്രക്കിടെ കുട്ടികൾ ഗാനം ആലപിക്കുന്ന വീഡിയോ എടുത്താണ് ദക്ഷിണ റെയിൽവേയുടെ എക്സ് പേജിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. “പരമപവിത്രമതാമീ മണ്ണിൽ ഭാരതാമപയെ പൂജിക്കാൻ പുണ്യവാഹിനി സേനമേൽക്കും പൂങ്കാവനങ്ങളുണ്ടിവിടെ” എന്ന ആർഎസ്എസ് ഗണഗീതത്തിന്റെ വരികളാണ് കുട്ടികൾ പാടിയത്.

Advertisements

ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക പരിപാടിയിൽ ഔദ്യോഗിക ചിഹ്നങ്ങളും കാര്യങ്ങളുമാണ് ചെയ്യേണ്ടത്, അല്ലാതെ ആർഎസ്എസിന്റെ പാട്ടോ പതാകയോ ഉപയോഗിക്കാനുള്ള സ്ഥലമല്ല റെയിൽവേയെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. റെയിൽവേയുടെ ഔദ്യോഗിക ചിഹ്നങ്ങളോ വാക്യങ്ങളോ പ്രചരിപ്പിക്കുന്നത് തെറ്റല്ല, എന്നാൽ ആർഎസ്എസിന്റെ ഗണഗീതം പങ്കുവെച്ചത് ഒരു അബദ്ധമായി തള്ളിക്കളയാൻ സാധിക്കില്ലെന്നും, ഇതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നും ആരോപണമുണ്ട്.

ആർഎസ്എസിന്റെ നയം റെയിൽവേയിൽ നടപ്പിലാക്കാൻ വേണ്ടി ശ്രമിക്കുന്നു എന്നതുമായി ബന്ധപ്പെട്ട് മുന്നേ തന്നെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ ഒരു ഗവൺമെന്റ് പരിപാടിയിൽ ആർഎസ്എസിന്റെ ഗണഗീതം ആലപിക്കേണ്ട സാഹചര്യമില്ലെങ്കിലും, കൃത്യമായ ഒരു അജണ്ട നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തതെന്നാണ് വിമർശനം.

ചെറിയ കുട്ടികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ച്, അത് വിഷ്വൽ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുന്നത് സംഘപരിവാർ ആശയങ്ങൾ അവരുടെ മനസ്സിലേക്ക് കൂടി ഇറക്കുകയാണ്. സംഘപരിവാർ ആശയങ്ങൾ പ്രചരിപ്പിക്കാൻ കഴിയുന്ന എല്ലാ തലത്തിലും ഇന്ത്യയുടെ ഔദ്യോഗിക സംവിധാനങ്ങളെ ഭരണത്തിന്റെ തണൽ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും നിരീക്ഷിക്കപ്പെടുന്നു.

വന്ദേ ഭാരത് സർവീസ് കേരള സർക്കാരിന്റെ അടക്കമുള്ള നടപടികളുടെ ഭാഗമായി കേരളത്തിന് ലഭിച്ചതാണെങ്കിലും, അത് ബിജെപിയുടെ ഔദാര്യമാണ് എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറ്റുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കുട്ടികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ച് ഔദ്യോഗിക പേജിൽ പങ്കുവെച്ചതെന്നും വിമർശനമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ ഉദ്യോഗസ്ഥരെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ, ആദ്യഘട്ടത്തിൽ തങ്ങൾക്ക് ഒന്നും അറിയില്ല എന്ന രീതിയിലുള്ള പ്രതികരണമാണ് അവർ നൽകിയത്. എന്നാൽ, മേൽ ഉദ്യോഗസ്ഥരുടെ അനുവാദമില്ലാതെ ഔദ്യോഗിക എക്സ് പേജിൽ ഇത്തരമൊരു കാര്യം നടക്കില്ല എന്നത് ഉറപ്പാണെന്നും വിമർശകർ പറയുന്നു. നിലവിൽ വലിയ വിമർശനങ്ങളിലേക്കും ആരോപണങ്ങളിലേക്കും കാര്യങ്ങൾ കടന്നിരിക്കുകയാണ്, ഇതിനിടെ ആണ് അവർ വീഡിയോ പിൻവലിച്ചിരിക്കുന്നതും. സംഭവത്തിൽ റെയിൽവേയുടെ ഭാഗത്ത് നിന്ന് കൃത്യമായ വിശദീകരണം വരേണ്ടിയിരിക്കുന്നു.

Share news