KOYILANDY DIARY.COM

The Perfect News Portal

ഇനി വഴി ചോദിച്ച് പോകാം; പുത്തൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്

.

യാത്രകൾ കൂടുതൽ സുരക്ഷിതവും മികച്ചതുമാക്കാൻ പുതിയ ഫീച്ചറുമായി ഗൂഗിൾ. വാഹനമോടിക്കുമ്പോൾ ശ്രദ്ധ തെറ്റാതെ മാപ്പുമായി സംവദിക്കാനും, വഴിയിലെ വിവരങ്ങൾ ചോദിച്ചറിയാനും ഈ ഫീച്ചർ സഹായിക്കും. ഹാൻഡ് ഫ്രീ ഡ്രൈവിങ് അനുഭവം ഉപയോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

 

പുതിയ പത്ത് ഫീച്ചറുകളാണ് ഗൂഗിൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഗൂഗിൾ ജെമിനിയുടെ പിന്തുണയോടെ എഐ ഫീച്ചറുകള്‍ ഉൾപ്പെടുത്തിയാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. ഗൂഗിള്‍ മാപ്പ് നൽകിയതിൽ വെച്ച് ഏറ്റവും വലിയ എഐ സംയോജനമായിരിക്കുമിതെന്നാണ് ഗൂഗിള്‍ പറയുന്നത്.

Advertisements

 

യാത്ര ചെയ്യുമ്പോൾ ഏറ്റവും പ്രയോജനകരമാകുന്ന എല്ലാ വിവരങ്ങളും മാപ്പ് പറഞ്ഞു തരും. പാർക്കിങ് സൗകര്യം, അടുത്തുള്ള പെട്രോൾ പമ്പ്, റെസ്റ്റോറന്റ് തുടങ്ങി എല്ലാം നമുക്ക് ഗൂഗിളിനോട് സംസാരിച്ച് മനസ്സിലാക്കാനാകും. ജെമിനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനാൽ നമ്മുടെ സ്വാഭാവിക സംസാരശൈലി മനസിലാക്കാനും മാപ്പിനാകും എന്നത് ഏറെ ആകർഷണീയമാണ്. ജെമിനിക്ക് മറ്റ് ആപ്പുകളിലേക്കും കണക്ട് ചെയ്യാൻ സാധിക്കുന്നതിനാൽ ലൊക്കേഷനുമായി ബന്ധപ്പെട്ട കലണ്ടര്‍ ഇവന്റ്, റിമൈന്റര്‍ എന്നിവ സെറ്റ് ചെയ്യാനും ഈ വോയ്‌സ് അസിസ്റ്റന്റ് ഉപയോഗിക്കാവുന്നതാണ്.

 

ഉപയോക്താക്കൾക്ക് ഒരു സ്ഥലത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണമെങ്കിലോ, വില കുറവിൽ സാധനങ്ങൾ ലഭിക്കുന്ന സ്റ്റാളുകളെ കുറിച്ച് അറിയണമെങ്കിലോ എല്ലാം മാപ്പിനോട് ചോദിക്കാവുന്നതാണ്. അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് അടുക്കുമ്പോള്‍ വിഷ്വല്‍, വോയിസ് മുന്നറിയിപ്പുകള്‍ നൽകാനും , ട്രാഫിക് ബ്ലോക്ക്, റോഡിലെ അറ്റകുറ്റപ്പണി എന്നിങ്ങനെ എല്ലാ വിവരങ്ങളും ഇതിലൂടെ അറിയാനാകും.

 

ഗവണ്‍മെന്റ് വകുപ്പുകൾ, നഗര ട്രാഫിക് അധികാരികൾ, കോണ്‍വര്‍സേഷന്‍ നാവിഗേഷൻ തുടങ്ങിയവരുമായി സഹകരിച്ചാണ് റോഡ് സുരക്ഷാ ഫീച്ചറുകൾ വികസിപ്പിച്ചിരിക്കുന്നത്. തത്സമയ വിവരങ്ങള്‍ നല്‍കുന്നതിനായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായും (NHAI) ഗൂഗിൽ കൈകോർത്തിട്ടുണ്ട്. ഓരോ ഫീച്ചറുകളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ഫീച്ചര്‍ എത്തും.

Share news