KOYILANDY DIARY.COM

The Perfect News Portal

യാത്രക്കിടെ അബോധാവസ്ഥയിലായ കുട്ടിക്ക് കണ്ടക്ടറുടേയും ഡ്രൈവറുടേയും ഇടപെടൽ തുണയായി

കൊയിലാണ്ടി: സ്വകാര്യ ബസിൽ യാത്രചെയ്യുന്നതിനിടെ അബോധാവസ്ഥയിലായ കുട്ടിക്ക് കണ്ടക്ടറുടേയും ഡ്രൈവറുടേയും അവസരോചിതമായ പ്രവൃത്തി തുണയായി. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ വടകരയിൽ നിന്നും കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന നീതു ബസിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയുടെ ജീവനാണ് അബോധാവസ്ഥ മൂലം അപകടത്തിലായത്.

സംഭവം സഹയാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടതോടെ കണ്ടക്ടറെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ കണ്ടക്ടറായ ശ്രീരാഗ്  ഡ്രൈവർ നിഖിലിനെ വിവരം അറിയിക്കുകയും സമയം ഒട്ടും പാഴാക്കാതെ ആംബുലൻസ് വേഗതയിൽ ബസ് വടകര സഹകരണ ആശുപത്രിയിലേക്ക് കുതിക്കുകയുമായിരുന്നു.

സഹകരണ ആശുപത്രിയുടെ എമർജൻസി വിഭാഗത്തിന്റെ തലവൻ ഡോ. ഡൽസൺ ഡേവിസൺ, പീഡിയാട്രിഷൻ ഡോ. ഹരിദാസ്, എമർജൻസി വിഭാഗത്തിലെ നേഴ്സുമാർ എന്നിവർ ചേർന്ന് കുട്ടിക്ക് അടിയന്തര ചികിത്സ നൽകുകയും കുട്ടിയെ ബോധാവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരികയും ചെയ്തു.സന്ദർഭോചിതമായ ഇടപെടലിലൂടെ കുട്ടിയുടെ ജീവൻ രക്ഷിച്ച ബസ് ജീവനക്കാർക്ക് ബസ് തൊഴിലാളികൾ സിഐടിയു സംഘടനയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ബസ് സ്റ്റാന്റിൽ സ്വീകരണമൊരുക്കി.

Advertisements
Share news