പാഠ്യപദ്ധതി തയ്യാറാക്കുന്നത് കേരള സര്‍ക്കാര്‍; മന്ത്രി വി ശിവന്‍കുട്ടി
.
തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികള്‍ക്കുള്ള പാഠ്യപദ്ധതി തയ്യാറാക്കുന്നത് കേരള സര്‍ക്കാര്‍ തന്നെയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. എൻഇപി നടപ്പാക്കുക കേരളത്തിന്റെ വിദ്യാഭ്യാസ രീതി അനുസരിച്ചായിരിക്കും. പാഠ്യപദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സർക്കാരുകൾക്കാണെന്ന് എന്‍ഇപിയില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. എൻഇപി വന്നതിനുശേഷം ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിഷ്‌കരിച്ച ഏക സംസ്ഥാനം കേരളമാണ്. മതനിരപേക്ഷത, ശാസ്ത്രചിന്ത, ഭരണഘടനാ മൂല്യങ്ങൾ എന്നിവയിൽ ഊന്നിയ പാഠ്യപദ്ധതിയാണ് കേരളം നടപ്പാക്കിയത്.

എൻസിഇആർടി വെട്ടിമാറ്റിയ ഗാന്ധി വധവും മുഗൾ ചരിത്രവും അടക്കമുള്ള പാഠഭാഗങ്ങൾ അഡീഷണൽ പാഠപുസ്തകങ്ങളാക്കി കുട്ടികളെ പഠിപ്പിക്കുകയും അതിൽ പരീക്ഷ നടത്തുകയും ചെയ്ത സംസ്ഥാനമാണ് കേരളം. എന്‍സിആര്‍ടി അധിഷ്ഠിതമായി കേരള കരിക്കുലം ഫ്രെയിംവര്‍ക്ക് 2023 പ്രസിദ്ധീകരിച്ചതും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചതുമായ പാഠ്യപദ്ധതിയാണ് കേരളം നടപ്പാക്കിയത്. ഇതേ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തന്നെയാണ് കേരളത്തിലെ എല്ലാ സ്കൂളുകളിലും പഠിപ്പിക്കുന്നത്.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പിഎം ഉഷ പദ്ധതിയില്‍ ഒപ്പിട്ടതും എൻഇപി നടപ്പാക്കാം എന്ന വ്യവസ്ഥയോടെയാണ്. എന്നിട്ടും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള സ്വന്തം കാഴ്ചപ്പാടാണ് ഇവിടെ നടപ്പാക്കുന്നത്. കേന്ദ്രനയം 30 ശതമാനം പോലും നടപ്പിലാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.




