KOYILANDY DIARY.COM

The Perfect News Portal

കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പ്രാദേശിക കർമ്മ പദ്ധതി രൂപീകരിച്ച ആദ്യ സംസ്ഥാനം കേരളം; മന്ത്രി എം ബി രാജേഷ്

മൂടാടി ഗ്രാമപഞ്ചായത്ത് ‘ഗ്രീഷ്‌മം’ ഹീറ്റ് ആക്ഷൻ പ്ലാൻ പ്രകാശനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പ്രാദേശിക കർമ്മ പദ്ധതി രൂപീകരിക്കാൻ തുടക്കം കുറിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മൂടാടി ഗ്രാമപഞ്ചായത്ത് ‘ഗ്രീഷ്‌മം’ ഹീറ്റ് ആക്ഷൻ പ്ലാൻ പ്രകാശനവും ലൈഫ് സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ 268 പഞ്ചായത്തിലും ഇതിനകം പ്രാദേശിക കർമ്മ പദ്ധതി രൂപീകരിച്ചു കഴിഞ്ഞു. കൂടാതെ കാലാവസ്ഥ വ്യതിയാനത്തിനെതിരായുള്ള ആക്ഷൻ പ്ലാൻ നടപ്പിലാക്കുന്നതിന്റെ  നിരീക്ഷണത്തിനുവേണ്ടി നടപ്പിലാക്കിയ സംവിധാനമായ ഡി കാറ്റ് (ഡിസാസ്റ്റർ ആൻഡ് ക്ലൈമറ്റ് ആക്ഷൻ ട്രാക്കർ) ആദ്യമായി നടപ്പിലാക്കിയതും കേരളത്തിലാണെന്ന് മന്ത്രി പറഞ്ഞു. 
.
.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് ചൂടിൽ നിന്നും രക്ഷ നേടാനുള്ള ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ കഴിഞ്ഞ ഒന്നര വർഷത്തെ പഠനങ്ങളിലൂടെയും ചർച്ചകളിലൂടെയുമാണ് ഗ്രാമപഞ്ചായത്ത് തലത്തിൽ രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കിയത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ആഗോളതാപനം ക്രമാതീതമായി വാർദ്ധിക്കുന്ന സാഹചര്യത്തിൽ ചൂടിനെ പ്രതിരോധിക്കാനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ ആരായുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. വാട്ടർ എടിഎം സ്ഥാപിച്ചതടക്കം ഹീറ്റ് ആക്ഷൻ പ്ലാനിന്റെ ഭാഗമായുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്തിൽ നടന്ന് കഴിഞ്ഞു. ലൈഫ് ഭവന പദ്ധതിയിലൂടെ 230 പേരുടെ വീട് നിർമ്മാണമാണ് മൂടാടിയിൽ പൂർത്തിയായത്. 
.
.
ഇഎംഎസ് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. ഹീറ്റ് ആക്ഷൻ പ്ലാൻ വിദഗ്ദ്ധ സമിതി അംഗം സി കെ വാസു മാസ്റ്റർ ഹീറ്റ് ആക്ഷൻ പ്ലാൻ പരിചയപ്പടുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ, വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി, സ്ഥിരം സമിതി അധ്യക്ഷരായ എം കെ മോഹൻ, എം പി അഖില, ടി കെ ഭാസ്കരൻ, ബ്ലോക്ക്‌ വൈസ് പ്രസിഡൻ്റ് ചൈത്ര വിജയൻ, കെ. ജീവാനന്ദൻ, മെമ്പർമാരായ പപ്പൻ മൂടാടി, റഫീഖ് പുത്തലത്ത്, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ എം രേഖ, ദുരന്ത നിവാരണ ഹസാർഡ് അനലിസ്റ്റ് ഫഹദ്, ആർകിടെക്റ്റ് ആര്യ, സെക്രട്ടറി ജിജി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
Share news