അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വയോധിക മരിച്ചു

.
തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരിച്ചു. കഴിഞ്ഞ 16ന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച പോത്തൻകോട് വാവറ അമ്പലം സ്വദേശിനി ഹബ്സാ ബീവി (79) ആണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11 മണിയോടെയാണ് മരണം. രണ്ടാഴ്ച മുൻപാണ് ഇവർക്ക് പനി വന്നത്. തുടർന്ന് പോത്തൻകോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയിരുന്നു.

മുഖത്ത് നീരും പനിയും കുറയാത്തതിനാൽ അവിടെ ഐസിയുവിൽ ചികിത്സയിലായിരുന്നു. പിന്നീട് നാലു ദിവസത്തിനുശേഷം സ്ട്രോക്ക് പോലെ വന്നതിനാൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഹബ്സാ ബീവിയെ, അവിടെ തന്നെയുള്ള തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.

വൃക്കകൾ തകരാറിലായതിനാൽ മൂന്നുതവണ ഡയാലിസിസ് നടത്തിയെങ്കിലും പനി കുറയാത്തതിനാൽ വീണ്ടും വിശദമായി രക്തം പരിശോധിച്ചപ്പോഴാണ് ജ്വരം സ്ഥിരീകരിച്ചത്. ഇവരുടെ കിണറ്റിലെ വെള്ളത്തിൻ്റെ സാമ്പിൾ ഇന്ന് ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി എടുത്തു.

