പ്രവാസി സംഘം ജില്ലാ പ്രചരണ ജാഥയ്ക്ക് തുടക്കമായി

പേരാമ്പ്ര: പ്രവാസി ക്ഷേമ പദ്ധതിക്ക് കേന്ദ്രവിഹിതം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് കൊണ്ട് കേരള പ്രവാസി സംഘം വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. ഒക്ടോബർ 7, 8 തിയ്യതികളിൽ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത രാപ്പകൽ സമരത്തിന്റെ ഭാഗമായി കോഴിക്കോട് ആദായനികുതി ഓഫീസിന് മുന്നിൽ നടത്തുന്ന സമരത്തിന്റെ പ്രചാരണാർത്ഥം ജില്ലാ സെക്രട്ടറി സി. വി ഇഖ്ബാൽ നയിക്കുന്ന ജാഥ വടകര വില്ല്യാപ്പള്ളിയിൽ സംസ്ഥാന വൈ. പ്രസിഡണ്ട് ഷാഫിജ പുലാക്കൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് കെ. കെ സൂപ്പി അധ്യക്ഷത വഹിച്ചു.

പല കേന്ദ്രങ്ങളിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങി പേരാമ്പ്രയിൽ എത്തിച്ചേർന്ന ജാഥക്ക് ഊഷ്മള സ്വീകരണം നൽകി. വിവിധ മേഖലാ കമ്മിറ്റികൾ ജാഥയെ ഹാരാർപ്പണം ചെയ്തു. പേരാമ്പ്ര ഏരിയയുടെ പ്രവർത്തനഫണ്ട് ഏരിയാ സെക്രട്ടറി ഹമീദ് കിളിയായിൽ നിന്നു ട്രഷറർ എം സുരേന്ദ്രൻ ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മഞ്ഞക്കുളം നാരായണൻ, സലിം മണാട്ട്, ജില്ലാ എക്സി. അംഗം ആസാദ് പള്ളത്ത്, ശശി പറമ്പത്ത്, എം എം ചന്ദ്രൻ, പ്രതീപൻ പി കെ, ജില്ലാ വനിതാവേദി പ്രസിഡണ്ട് എം. കെ. സൈനബ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗഫൂർ മായനാട്, വിമലാ നാരായണൻ, സുലോചന എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സ്വാഗതവും ജാഥാ ലീഡർ സി വി ഇഖ്ബാൽ നന്ദിയും പറഞ്ഞു.
