കരൂർ ദുരന്തം മനുഷ്യ നിർമിതം; വിജയിയെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി

കരൂർ ദുരന്തത്തിൽ നടനും ടി വി കെ നേതാവുമായ വിജയിയെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. കുട്ടികളടക്കം മരിച്ചിട്ടും വിജയ് സ്ഥലംവിട്ടത് എന്തിന് എന്ന് കോടതി ചോദിച്ചു. അണികളെ ഉപേക്ഷിച്ച ഒരാൾക്ക് നേതൃസ്ഥാനത്ത് നില്ക്കാൻ യോഗ്യതയില്ലെന്നും കോടതി വിമർശിച്ചു. ദുരന്തം മനുഷ്യ നിർമിതമാണെന്നും കോടതി പറഞ്ഞു. അപകടം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കാനും കോടതി ഉത്തരവായി.

അതേസമയം, കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. ദേശീയ മക്കള്‍ ശക്തി കക്ഷി സമർപ്പിച്ച ഹർജിയാണ് തള്ളിയത്. പൊലീസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തില്‍ അന്വേഷണം എങ്ങനെ സിബിഐക്ക് വിടാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. സിബിഐ അന്വേഷണ ആവശ്യം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇതുവരെ കരൂർ ദുരന്തത്തിൽ 41 പേരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെയാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര് എന്നിങ്ങനെയായിരുന്നു മരണം. നിലവില്‍ ഏഴ് പേര് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയുകയാണ്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

