ചേലിയ കഥകളി വിദ്യാലയത്തിലെ നവരാത്രി ആഘോഷ പരിപാടി ‘സർഗോത്സവം’ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയത്തിലെ നവരാത്രി ആഘോഷ പരിപാടി ‘സർഗോത്സവം’ കണ്ണൂർ ജില്ലാ കുടുംബ കോടതി ജഡ്ജ് ആർ. എൽ. ബൈജു ഉദ്ഘാടനം ചെയ്തു. കലയുടെ എല്ലാ അരങ്ങുകളിലും ഒരു പാട് വാദ പ്രതിവാദ സാധ്യതകൾ ഉണ്ട്. ഇവയിൽ തീർപ്പു കല്പിക്കുന്ന വിധി കർത്താക്കളാണ് ആസ്വാദകരെന്ന് ആർ. എൽ. ബൈജു പറഞ്ഞു. വാദവും പ്രതിവാദവും വിധി പ്രസ്താവങ്ങളുമാണ് ഭാരതീയ ന്യായ സംഹിതയനുസരിച്ച് കോടതി മുറികളിൽ നടന്നു വരുന്നത്. ജനകീയ കോടതികളിൽ ഇതേ മാതൃകയിൽ നടക്കുന്ന വിചാരണാ സദസ്സുകളാണ് മുഴുവൻ കലാവതരണങ്ങളുമെന്ന് ബൈജു അഭിപ്രായപ്പെട്ടു.

കഥകളി വിദ്യാലയം പ്രസിഡണ്ട് ഡോ. എൻ.വി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. കഥകളി വിദ്യാലയം സെക്രട്ടറി പി. സന്തോഷ് കുമാർ, വൈസ് പ്രസിഡണ്ട് വിജയരാഘവൻ ചേലിയ, പ്രിൻസിപ്പാൾ കലാമണ്ഡലം പ്രേം കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കഥകളി വിദ്യാലയം അധ്യാപകരെ ആദരിച്ചു. തുടർന്ന് പൂക്കാട് കലാലയം അവതരിപ്പിച്ച ദൃശ്യ സംഗീതശില്പം – മഹായാനം അരങ്ങേറി. നൂറിലേറെ വിദ്യാർത്ഥികൾ കലാവതരണങ്ങളുമായി രംഗത്തെത്തി.
