KOYILANDY DIARY.COM

The Perfect News Portal

മൃത്യുഞ്ജയ പുരസ്‌കാരം ആർ രാജശ്രീക്ക്

കൊയിലാണ്ടി: ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം സമ്മാനിക്കുന്ന മൃത്യുഞ്ജയ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരി ആർ രാജശ്രീക്ക്. കലാ, സാഹിത്യ, സാസ്‌ക്കാരിക മേഖലകളിലെ പ്രതിഭകൾക്ക് നൽകുന്ന പുരസ്‌ക്കാരം 11 111രൂപയുടെ ഗുരുദക്ഷിണയും ആർട്ടിസ്റ്റ് യു. കെ. രാഘവൻ മാസ്റ്റർ രൂപകൽപ്പന ചെയ്ത മൃത്യുഞ്ജയ ശിൽപവും ധന്യതാപത്രവും ഉൾപ്പെട്ടതാണ്. ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സമ്മാനിക്കുന്ന പുരസ്‌ക്കാരത്തിന്റെ പത്താം പതിപ്പാണിത്.
സമകാലീന മലയാള സാഹിത്യത്തിന് മുതൽക്കൂട്ടാവുന്നതാണ് രാജശ്രീയുടെ കൃതികളെന്നും വായനാലോകത്തിന്റെ സ്വീകാര്യത നേടിയ പുതിയ നോവൽ ആത്രേയകം രചനാശൈലിയിലും ഭാവുകത്വത്തിലും വിപ്ലവകരമായ ചലനങ്ങൾ സൃഷ്ടിച്ചുവെന്നും പുരസ്‌ക്കാര നിർണയ സമിതി വിലയിരുത്തി.
കഥകളി ആചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, ആർട്ടിസ്റ്റ് നമ്പൂതിരി, വാദ്യാകലാ വിദഗ്ദൻ പെരുവനം കുട്ടൻ മാരാർ, കവിയും ഗാനരചയിതാവുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, വാദ്യപ്രതിഭ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ചരിത്രപണ്ഡിതൻ ഡോ. എം ജി എസ് നാരായണൻ, എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ, ഗായിക വൈക്കം വിജയലക്ഷ്മി, ഗായകൻ ജി. വേണുഗോപാൽ എന്നിവരാണ് മുൻ വർഷങ്ങളിൽ മൃത്യുഞ്ജയ പുരസ്‌കാരത്തിന് അർഹരായത്. ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രാങ്കണത്തിൽ ഫെബ്രുവരി 13-ന് നടക്കുന്ന പൊതു ചടങ്ങിൽ രാജശ്രീക്ക് പുരസ്‌ക്കാരം സമർപ്പിക്കും.
Share news