എറണാകുളത്ത് 45 കിലോ കഞ്ചാവ് പിടികൂടി; കടത്തിയത് ഡോക്ടറുടെ സ്റ്റിക്കര്‍ പതിച്ച കാറിൽ

എറണാകുളം കാലടിയില്‍ വന്‍ കഞ്ചാവ് വേട്ട. 45 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശികളായ റഫീക്കുല്‍ ഇസ്ലാം, സാഹില്‍ മണ്ഡല്‍, അബ്ദുള്‍ ഖുദ്ദൂസ് എന്നിവരാണ് കാലടി മാണിക്കമംഗലത്ത് നിന്നും പിടിയിലായത്.

ഡോക്ടറുടെ സ്റ്റിക്കര്‍ പതിച്ച കാറിലായിരുന്നു കഞ്ചാവ് കടത്ത്. കാറിന്റെ സീറ്റിനുള്ളില്‍ വലിയ പൊതികളിൽ ആക്കിയാണ് പ്രതികള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡിഷയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നത്. ഒഡീഷയില്‍ നിന്നും വാടകയ്‌ക്ക് എടുത്ത കാറില്‍ കേരള രജിസ്‌ട്രേഷനുള്ള വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചായിരുന്നു കഞ്ചാവ് കടത്ത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ എ എസ് പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘവും കാലടി പൊലീസും ചേര്‍ന്നാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. പെരുമ്പാവൂര്‍, അങ്കമാലി, കാലടി മേഖലകളില്‍ വില്‍പ്പന നടത്തുന്നതിനായാണ് പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും പ്രതികള്‍ ഇത്തരത്തില്‍ കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ട്.

