ഏഷ്യാ കപ്പില്‍ ആദ്യമായി ഇന്ത്യ- പാക് ഫൈനല്‍; പാകിസ്ഥാന്‍ യോഗ്യത നേടിയത് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി

ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യ- പാക് കലാശപ്പോര്. ഞായറാഴ്ചയാണ് ഫൈനല്‍. ഏഷ്യാ കപ്പിൻ്റെ 40 വര്‍ഷ ചരിത്രത്തിലാദ്യമായാണ് ചിരവൈരികള്‍ ഫൈനലിലെത്തുന്നത്. ഇന്നലെ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമെടുത്ത പാകിസ്ഥാനെ ഷഹീന്‍ ഷാ അഫ്രീദിയുടെ ബോളിങ്ങാണ് രക്ഷിച്ചത്. ബാറ്റിങ്ങിലും അഫ്രീദി തിളങ്ങിയിരുന്നു. മൂന്ന് പവര്‍ പ്ലേ ഓവറുകളില്‍ നിര്‍ണായകമായ രണ്ട് വിക്കറ്റാണ് അഫ്രീദി വീഴ്ത്തിയത്. മൊത്തം മൂന്ന് വിക്കറ്റുകള്‍ പിഴുതു. ഹാരിസ് റൗഫും മൂന്ന് വിക്കറ്റെടുത്തു. സയിം അയൂബ് രണ്ട് വിക്കറ്റ് വീഴ്ത്തി.

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന പാകിസ്ഥാനെ ഷഹീന്‍ അഫ്രീദിയും പിന്നീട് മുഹമ്മദ് ഹാരിസും മുഹമ്മദ് നവാസുമാണ് കരകയറ്റിയത്. 13 ബോളില്‍ 19 റണ്‍സാണ് അഫ്രീദി എടുത്തത്. ഹാരിസ് 31ഉം നവാസ് 25ഉം റണ്‍സെടുത്തു. ബംഗ്ലാദേശ് ബാറ്റിങ് നിരയില്‍ 30 റണ്‍സെടുത്ത ഷമീം ഹുസൈന്‍ ആണ് ടോപ് സ്‌കോറര്‍. ബംഗ്ലാദേശിൻ്റെ മറുപടി ബാറ്റിങ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 124 റൺസിൽ ഒതുങ്ങി. ബംഗ്ലാദേശിന്റെ തസ്‌കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു. മഹെദി ഹസന്‍, റിഷാദ് ഹുസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

