KOYILANDY DIARY.COM

The Perfect News Portal

ചോദ്യം ചോദിക്കുന്നതിനിടെ കയര്‍ത്ത് സംസാരിച്ച സംഭവം; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കി മാധ്യമപ്രവര്‍ത്തക

തിരുവനന്തപുരം: ചോദ്യം ചോദിക്കുന്നതിനിടെ കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേറഖറിനെതിരെ ഡിജിപിക്ക് പരാതി നല്‍കി മാധ്യമ പ്രവര്‍ത്തക. കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ സുലേഖ ശശികുമാറാണ് പരാതി നല്‍കിയത്. ജോലി തടസ്സപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നും ചൂണ്ടിക്കാണിച്ചാണ് സുലേഖ ശശികുമാര്‍ പരാതി നല്‍കിയത്. പരാതി ഡിജിപി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.

ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ചപ്പോഴായിരുന്നു സുലേഖയ്‌ക്കെതിരെ രാജീവ് ചന്ദ്രശേഖര്‍ കയര്‍ത്ത് സംസാരിച്ചത്. ‘നിങ്ങളോട് ആരാ പറഞ്ഞത്, നിങ്ങള്‍ ഏതു ചാനലാ? മതി, അവിടെ ഇരുന്നാമതി, നീ നിന്നാ മതി അവിടെ. നീ ചോദിക്കരുത്, നിങ്ങള്‍ ചോദിക്കരുത്, ഞാന്‍ മറുപടി തരില്ല’ എന്നെല്ലാം രാജീവ് ചന്ദ്രശേഖര്‍ ക്ഷുഭിതനായി പറഞ്ഞിരുന്നു. അനിലിനെ പ്രതിസന്ധി സമയത്ത് ബിജെപി സംരക്ഷിച്ചില്ലെന്ന് ആര് പറഞ്ഞുവെന്നും വേണ്ടാത്ത കാര്യങ്ങള്‍ പറയരുതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.

അനിലിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് താന്‍ കാണിച്ചുതരാമെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഭീഷണി. സംഭവത്തില്‍ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Advertisements
Share news