ഗവർണറുടെ അധികാരങ്ങളും ചുമതലകളും നിയമനിർമാണങ്ങളും ഇത്തവണയുള്ള പാഠപുസ്തകത്തിൽ ഉള്‍പ്പെടുത്തി: മന്ത്രി വി ശിവൻകുട്ടി

ഗവർണറുടെ അധികാരങ്ങളും ചുമതലകളും നിയമനിർമാണങ്ങളും ഇത്തവണയുള്ള പാഠപുസ്തകത്തിൽ ഉള്‍പ്പെടുത്തിയെന്ന് മന്ത്രി വി ശിവൻകുട്ടി. നേരത്തെ പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗത്ത് ഗവർണറുടെ ഭരണഘടനാപരമായ അവകാശങ്ങളും അധികാരങ്ങളും വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇക്കാര്യം നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഗവർണർ തെരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക സ്ഥാനമല്ലെന്ന് പാഠപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണഘടന 356 എന്ന വകുപ്പും പാഠപുസ്തകത്തിലുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതി പരിഷ്കരണം വിജയകരമായി പൂർത്തീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ഒന്നു മുതൽ 10 വരെയുള്ള മുഴുവൻ പുസ്തകങ്ങളും അച്ചടി പൂർത്തിയാക്കി വിദ്യാലയങ്ങളിൽ എത്തിച്ചുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ചരിത്രമായി രേഖപ്പെടുത്താൻ കഴിയുന്ന പ്രവർത്തനമാണിത്. പ്രഖ്യാപിച്ചതെല്ലാം സര്‍ക്കാർ നടപ്പിലാക്കുകയാണ് ചെയ്യുന്നത്.

കേന്ദ്ര ഗവൺമെൻ്റ് സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് നൽകേണ്ട സാമ്പത്തിക സഹായം നിർത്തിവെച്ചുവെന്ന് മന്ത്രി വിമര്‍ശിച്ചു. ഇതിൽ ബിജെപി ഇടപെടലുണ്ട്. നിരവധി തവണ നിവേദനം നൽകിയിട്ടും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് ഇത്തരം സമീപനം കേന്ദ്രം സ്വീകരിക്കുന്നത്. സ്കൂളുകൾ പൂട്ടുന്നത് ഒരിക്കലും സര്‍ക്കാർ നയമല്ല. സ്കൂൾ തുറക്കുക എന്നതാണ് കേരള സര്‍ക്കാരിൻ്റെ നിലപാടെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.

