ലോട്ടറി ടിക്കറ്റ് വില ഉയരില്ല, സമ്മാനഘടനയിൽ മാറ്റം; ജിഎസ്‌ടി മാറ്റം 26 മുതൽ

തിരുവനന്തപുരം: ലോട്ടറി ജിഎസ്‌ടി 40 ശതമാനമായി കേന്ദ്രസർക്കാർ ഉയർത്തിയത് കേരളത്തിന് തിരിച്ചടിയാണെങ്കിലും ടിക്കറ്റ് വില വർധിപ്പിക്കില്ല. ലോട്ടറി ഏജന്റുമാരുടെയും തൊഴിലാളികളുടെയും കമ്മീഷനിൽ നേരിയ കുറവുവരും. സമ്മാനഘടനയിൽ ചെറിയ മാറ്റം വരുത്തി 26മുതൽ പരിഷ്‌കരണം നടപ്പാകും. ബമ്പർ ഒഴികെയുള്ള ടിക്കറ്റുകൾക്ക് 50 രൂപയാണ് വില. ഇതിൽനിന്ന് 14.286 രൂപയാണ് കേന്ദ്രനികുതി. 35.714 രൂപയാണ് ഒരു ടിക്കറ്റിന്റെ വിലയായി സർക്കാരിന് ലഭിക്കുക.

ഇതിൽനിന്ന് സമ്മാനത്തുകയും ഏജന്റുമാർക്കും വിൽപന തൊഴിലാളികൾക്കുമുള്ള കമീഷനും ക്ഷേമനിധി ബോർഡിലേക്കും കാരുണ്യ ചികിത്സാ ഫണ്ടിലേക്കുമുള്ള തുകയും പ്രചാരണത്തിനും പരസ്യത്തിനുമുള്ള ചെലവും കണ്ടെത്തേണ്ടത്. കൈനനയാതെ മീൻ പിടിക്കുന്ന കേന്ദ്രസർക്കാരിന് ജിഎസ്‌ടിക്കു പുറമേ, സമ്മാനത്തുകയിൽനിന്നുള്ള ആദായനികുതിയും ലഭിക്കും. ഫലത്തിൽ കേരള ലോട്ടറിയിൽനിന്ന് കേന്ദ്രസർക്കാരിന് നല്ല നേട്ടമാണ്.

രണ്ടു ലക്ഷം വരുന്ന തൊഴിലാളികളും അവരെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളുടെയും നിലനിൽപ് പ്രധാനമാണ്. അതിനാൽ ലോട്ടറിയെ സംരക്ഷിക്കുമെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. 2017ൽ ജിഎസ്ടി ആരംഭിച്ചപ്പോൾ 12 ശതമാനമായിരുന്നു നികുതി. 2020ൽ 28 ശതമാനമാക്കി. തിങ്കളാഴ്‌ച മുതൽ 40 ശതമാനമാക്കി. വർധന പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാരും തൊഴിലാളി യുണിയനുകളും ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രസർക്കാർ സമ്മതിച്ചില്ല. വെള്ളിയാഴ്‌ചമുതൽ നറുക്കെടുക്കുന്ന ടിക്കറ്റുകളിലാണ് പുതിയ വർധന നടപ്പാവുക. 25 വരെ നറുക്കെടുക്കുന്ന ടിക്കറ്റുകൾ ഞായറാഴ്‌ചയോടെ ക്ഷേമനിധി ബോർഡിന് ലോട്ടറി വകുപ്പ് കൈമാറിയിരുന്നു.

