തലയിൽ പാത്രം കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

നാദാപുരം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ അലൂമിനിയം പാത്രം തലയിൽ കുടുങ്ങിയ രണ്ടുവയസുകാരന് അഗ്നിരക്ഷാസേന രക്ഷകരായി. ഞായറാഴ്ച വൈകിട്ട് തൂണേരി കളത്തറയിലെ അനസ് ഹസന്റെ മകൻ ആമീൻ ശവ്വാലിന്റെ തലയിലാണ് പാത്രം കുടുങ്ങിയത്.

പാത്രം ഊരിയെടുക്കാൻ വീട്ടുകാർ ഏറെ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് കുട്ടിയുമായി നാദാപുരം അഗ്നിരക്ഷാ നിലയത്തിൽ എത്തുകയായിരുന്നു. സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ മുഹമ്മദ് സാനിജിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ ഷിയേഴ്സ്, ഇലക്ട്രിക് കട്ടർ, മെറ്റൽ കട്ടർ എന്നിവ ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തലയിൽനിന്ന് പാത്രം മുറിച്ചുമാറ്റി.

