ഐതിഹാസിക ജീവിതത്തിന് 90 വയസ്; നിലമ്പൂർ ആയിഷയ്ക്ക് ജന്മദിനാശംസ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 90 വയസിലേക്ക് കടന്ന കലാ– സാംസ്‌കാരിക പ്രവർത്തകയും നാടക പ്രവർത്തകയുമായ നിലമ്പൂർ ആയിഷയ്ക്ക് ജന്മദിനാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യാഥാസ്ഥിതികത ഉയർത്തിയ വെല്ലുവിളികളെ തൃണവൽഗണിച്ച് തൊഴിലാളിവർഗ രാഷ്ട്രീയത്തോടൊപ്പം അടിയുറച്ചു നിന്ന നിലമ്പൂർ ആയിഷ ഓരോ തലമുറകൾക്കും മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കലയും വിപ്ലവവും സമന്വയിച്ച നിലമ്പൂർ ആയിഷയുടെ ഐതിഹാസിക ജീവിതത്തിന് 90 വയസ് തികഞ്ഞെന്നും സ്ത്രീകളുടെ സാമൂഹ്യ മുന്നേറ്റങ്ങൾക്ക് പ്രചോദനം പകരാനും നീതിയ്ക്കൊപ്പം നിലകൊള്ളാനും ഇടതുപക്ഷ രാഷ്ട്രീയത്തിനു കരുത്തുപകരാനും വാർദ്ധക്യത്തിലും തളരാതെ അവർ മുന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

1953ലാണ് നിലമ്പൂർ യുവജന കലാസമിതിയിലൂടെ നിലമ്പൂർ ആയിഷ അരങ്ങിലെത്തിയത്. ദുരിതങ്ങൾക്കിടയിലും പണത്തിനുവേണ്ടിയല്ല അവർ നാടകം കളിച്ചത്. കമ്യൂണിസ്റ്റ് പാർടിക്കുവേണ്ടിയായിരുന്നു. ഇ കെ അയമുവിന്റെ “ജ്ജ് ഒരു മന്സനാവാൻ നോക്ക്’ എന്ന നാടകത്തിൽ അരങ്ങേറ്റം കുറിച്ചു. “മുസ്ലിം സ്ത്രീ നാടകവേദിയിലേയ്ക്കല്ല. നരകത്തിലേക്കാണ്’ ആയിഷക്കെതിരെ എതിരാളികൾ വിളിച്ചുപറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. പക്ഷേ, എതിർപ്പുകളെ അതിജീവിച്ചും അവർ മുന്നേറി. സ്ത്രീകൾക്ക് രണ്ടു കാലിൽ അഭിമാനത്തോടെ നിൽക്കാൻ ഉശിരേകിയ വനിതയായി നിലമ്പൂർ ആയിഷ മാറി.

