‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്..’; അഹാനെ നേരിട്ട് കണ്ട് അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പരീക്ഷ പേപ്പറിൽ ‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്..’ എന്ന വലിയ സന്ദേശം എഴുതിയ കൊച്ചു മിടുക്കൻ ഇന്ന് വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കണ്ടു. തലശ്ശേരി ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യു.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി അഹാൻ അനൂപ് ആണ് നിയമസഭയിലെത്തി മന്ത്രിയെ കണ്ടത്. സഭയിലെത്തിയ അഹാനെ നേരിൽ കാണാനും സംസാരിക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ചെറിയ പ്രായത്തിൽ തന്നെ ഇത്രയും പക്വതയാർന്നതും മൂല്യവത്തായതുമായ ഒരു ചിന്ത പങ്കുവെച്ച അഹാൻ ഏവർക്കും മാതൃകയാണ്. അറിവിനൊപ്പം തിരിച്ചറിവും നേടുന്ന ഒരു തലമുറ ഇവിടെ വളർന്നുവരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്നാണിത്. ഇതുപോലുള്ള കുഞ്ഞുങ്ങളാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തും ഭാവിയും. നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങനെയാണ് മുന്നേറുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അഹാനെ ഈ നിലയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിക്കാനും മന്ത്രി മറന്നില്ല.

