ഡേറ്റിംഗ് ആപ്പിലൂടെ ബന്ധമുണ്ടാക്കി കാസർഗോഡ് 16കാരനെ പീഡിപ്പിച്ച കേസ്; 9 പേർ റിമാൻഡിൽ, പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ഡേറ്റിംഗ് ആപ്പിലൂടെ ബന്ധമുണ്ടാക്കി പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ പിടിയാലാകാനുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. രജിസ്റ്റർ ചെയ്ത കേസുകളിൽ 7 പേരാണ് ഇനി പിടിയിലാവാനുള്ളത്. അറസ്റ്റിലായ 9 പേർ റിമാൻഡിലാണ്.

കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പീഡനത്തിന് ഇരയായ കേസിൽ 15 കേസുകളാണ് ഇതുവരെ പൊലീസ് രജിസ്‌റ്റർ ചെയ്‌തത്. ഒൻപത് കേസുകൾ കാസർകോട്ടെ വിവിധ സ്റ്റേഷനുകളിലും പയ്യന്നൂർ, കോഴിക്കോട് കസബ, കൊച്ചിയിലെ എളമക്കര സ്റ്റേഷനുകളിലായി ആറ് കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

ബേക്കൽ എഇഒ പടന്നക്കാട്ടെ സൈനുദ്ദീൻ, എരവിലിലെ ആർപിഎഫ് ജീവനക്കാരൻ ചിത്രരാജ്, കൊടക്കാട്ടെ സുകേഷ്, വടക്കേ കൊവ്വലിലെ റയീസ്, കാരോളത്തെ അബ്‌ദുൾ റഹിമാൻ (55), ചന്തേരയിലെ അഫ്‌സൽ (23), പടന്നക്കാട്ടെ റംസാൻ (65), ചെമ്പ്രകാനത്തെ നാരായണൻ (60), ചീമേനിയിലെ ഷിജിത്ത് (30) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്‌റ്റിലായത്.

പ്രതികളെ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലുള്ളവർ പ്രതിപ്പട്ടികയിലുണ്ട്. യൂത്ത് ലീഗ് നേതാവ് തൃക്കരിപ്പൂർ വടക്കുമ്പാട്ടെ സിറാജുൾപ്പെടെ 7 പേർ പിടിയിലാവാനുണ്ട്. സിറാജ് ഒളിവിലാണ്. കുട്ടിയുടെ വീട്ടിൽ വെച്ചും മറ്റിടങ്ങളിലെത്തിച്ചും പ്രതികൾ പീഡിപ്പിച്ചതായി കണ്ടെത്തി. കേസിൽ റിമാൻഡിലായ ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി കെ സൈനുദ്ധീനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കിയതിന് കേരള സിവിൽ സർവീസ് ചട്ട പ്രകാരമാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ സസ്പെൻ്റ് ചെയ്ത് ഉത്തരവിറക്കിയത്.

