ഇന്ന് മുതൽ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീകള്‍ക്കായി പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിക്കും

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ച മുതൽ സ്ത്രീകള്‍ക്കായി പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിക്കും. ചൊവ്വാഴ്ചകളിലാണ് സ്ത്രീകളുടെ ക്ലിനിക്കിന്റെ പ്രവര്‍ത്തനം. വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍ സ്‌ക്രീനിംഗ് തുടങ്ങിയവയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുടെയും പരിശോധനയ്ക്ക് മുന്‍ഗണന നല്കും.

അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കായി പ്രത്യേക പരിശോധനകളും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വിദഗ്ധ പരിശോധനകളും ബോധവത്കരണവും നടത്തും. പരമാവധി സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ വന്ന് ആരോഗ്യ പരിശോധന നടത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ സര്‍ക്കാരിന്റെ കാലത്താണ് 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയത്.

പൊതുജനാരോഗ്യത്തിന്റെ നെടുംതൂണുകളായി മാറിയിരിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ക്ലിനിക്കുകള്‍, അയല്‍ക്കൂട്ട സ്‌ക്രീനിങ് ക്യാമ്പുകള്‍, വിദഗ്ധ സ്‌പെഷ്യലിസ്റ്റ് സേവനങ്ങള്‍ എന്നിവ ഒരുക്കുന്നതിനായാണ് സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് മൂന്നിന് തിരുവനന്തപുരം പള്ളിത്തുറ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. രാവിലെ ഒമ്പത് മുതല്‍ പള്ളിത്തുറ ജനകീയാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക സ്‌പെഷ്യാലിറ്റി ക്യാമ്പ് സംഘടിപ്പിക്കും.

