KOYILANDY DIARY.COM

The Perfect News Portal

കുട്ടികുരുന്നുകളുടെ സാഹിത്യോത്സവം; ‘അക്ഷരക്കൂട്ട് 2025’ വെബ്സൈറ്റ് പ്രകാശനം ചെയ്തു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജി (SIET) സംഘടിപ്പിക്കുന്ന കുട്ടികളുടെ സാഹിത്യോത്സവം ‘അക്ഷരക്കൂട്ട് 2025’-ന്റെ ഔദ്യോഗിക വെബ്സൈറ്റ് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ‘aksharakkoottu.in‘ എന്ന വെബ്സൈറ്റാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.

വെബ്സൈറ്റ് പ്രകാശന ചടങ്ങിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, SIET ഡയറക്ടർ ബി. അബുരാജ്, സീനിയർ അക്കാദമിക് കോർഡിനേറ്റർമാരായ സുരേഷ് ബാബു, ഷൈജിത് എന്നിവർ സന്നിഹിതരായിരുന്നു. കൊട്ടാരക്കര ജി.വി.എച്ച്.എസ്.എസ്. അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ഷൈജിത് ബി.ടി.യാണ് വെബ്സൈറ്റ് രൂപകൽപ്പന ചെയ്തത്.

 

 

സാഹിത്യോത്സവത്തിന്റെ വിശദാംശങ്ങൾ, പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച കുട്ടികളുടെ ചിത്രങ്ങളും പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങളും, പരിപാടിയിൽ പങ്കെടുക്കുന്ന സാഹിത്യകാരന്മാരെക്കുറിച്ചുള്ള വിവരണങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 18, 19 തീയതികളിൽ തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരം ഓഡിറ്റോറിയം, ജവഹർ ബാലഭവൻ, മൺവിള എ.സി.എസ്.ടി.ഐ. എന്നിവിടങ്ങളിലായാണ് ‘അക്ഷരക്കൂട്ട് 2025’ സാഹിത്യോത്സവം നടക്കുന്നത്.

Advertisements
Share news