സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് 2023 ഡിസംബർ 10നാണ് രാജ്യസഭാംഗമായിരിക്കെ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലാണ് ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തത്.

നിലവിൽ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗവും എഐടിയുസി വർക്കിങ് പ്രസിഡന്റുമാണ്. സിപിഐ മുഖപത്രമായ ന്യൂ ഏജിന്റെ പത്രാധിപരുമാണ്. പാര്‍ട്ടി കോണ്‍ഗ്രസ്സ് പ്രതിനിധികളായി 100 അംഗങ്ങളേയും പകരം പ്രതിനിധികളായി 10 അംഗങ്ങളേയും തെരഞ്ഞെടുത്തു. കണ്‍ട്രോള്‍ കമ്മീഷനില്‍ 9 അംഗങ്ങളും സംസ്ഥാന കൗണ്‍സിലില്‍ 103 അംഗങ്ങളേയും തെരഞ്ഞെടുത്തു. കാന്റിഡേറ്റ് അംഗങ്ങളായി 10 അംഗങ്ങളേയും തെരഞ്ഞെടുത്തു.

2023 ഡിസംബര്‍ 10 മുതല്‍ സിപിഐയുടെ കേരള സംസ്ഥാന സെക്രട്ടറിയായി തുടരുന്ന കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന സി.പി.ഐ നേതാവാണ് ബിനോയ് വിശ്വം. 2006-2011 കാലയളവിലെ വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വനം വകുപ്പ് മന്ത്രിയായിരുന്നു.

2001, 2006 നിയമസഭാതെരഞ്ഞെടുപ്പുകളില്‍ കോഴിക്കോട് ജില്ലയിലെ നാദാപുരത്തുനിന്നും നിന്നും രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചു വിജയിച്ചു. വിദ്യാഭ്യാസം യോഗ്യതകള്‍ എം.എ, എല്‍,എല്‍,ബി. എന്നിവയാണ്. 2018 ജൂണില്‍ അദ്ദേഹം രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

മുന്‍ വൈക്കം എം.എല്‍.എയും കമ്മ്യൂണിസ്റ്റ് നേതാവുമായ സി.കെ. വിശ്വനാഥന്‍, സി.കെ ഓമന എന്നിവരുടെ മകനായി 1955 നവംബര്‍ 25-ന് കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ചു. വൈക്കം ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ എ.ഐ.എസ്.എഫ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി.
എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങി അനേകം സംഘടനകളുടെ ഉന്നതസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. തൊഴില്‍ സമരങ്ങളില്‍ പങ്കെടുത്ത് തടവനുഭവിച്ചിട്ടുണ്ട്. ഗ്രന്ഥകാരനും പത്രപ്രവര്‍ത്തകനുമാണ്. 2018 മുതല്‍ 2024 വരെ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷൈല സി. ജോര്‍ജ് ആണ് ഭാര്യ. രണ്ടു പെണ്‍മക്കളുണ്ട്.
