കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ പൂനിലാമഴ പരിപാടി ശ്രദ്ധേയമായി

പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ 6-ാമത് വാർഷികത്തോടനുബന്ധിച്ച് നടന്ന പൂനിലാമഴ ഗാനാലാപന മത്സരം ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത നാടക നടൻ പൗർണമി ശങ്കർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഭിലാഷ് കെ. കെ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുത്ത 15 കലാകാരന്മാർ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ പരിപാടികൾ അവതരിപ്പിച്ചു. കണ്ണൂർ മുതൽ എറണാകുളം ജില്ലകൾ വരെയുള്ള കലാകാരന്മാർ മത്സരത്തിൽ പങ്കെടുത്തു.

കൗൺസിലർമാരായ ഗിരിജ വി കെ, വിലാസിനി നാരങ്ങോളി, പടന്നയിൽ പ്രഭാകരൻ, സബീഷ് കുന്നങ്ങോത്ത്, ഇ, സൂരജ്, രത്നാകരൻ പടന്നയിൽ, ശ്രീജ പി. ടി, സുഷമ എം, കെ പി ബാലകൃഷ്ണൻ, കെ കെ സതീശൻ എന്നിവർ സംസാരിച്ചു. തുടർന്ന് കൈത്താങ്ങിന്റെ കുടുംബാംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.
പൂനിലാമഴ മത്സരത്തിൽ ഗീത് ചാന്ദ് കണ്ണൂർ ഒന്നാം സ്ഥാനവും, മിഥുൻമോഹൻ ഉള്ളിയേരി രണ്ടാം സ്ഥാനവും, അശ്വിൻ സുരേഷ് രാമനാട്ടുകര മൂന്നാം സ്ഥാനവും നേടി. നീറ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ആർ സംഘമിത്രയെ ചടങ്ങിൽ വെച്ച് ആദരിച്ചു.
