എന്തുകൊണ്ടാണ് ചെറുപ്പക്കാരില്‍ ഹാര്‍ട്ട്അറ്റാക്ക് ഉണ്ടാകുന്നത് ? ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

ഇന്ന് നമ്മള്‍ പൊതുവായി കാണുന്ന ഒരു കാര്യമാണ് നിരവധി ചെറുപ്പക്കാര്‍ അറ്റാക്ക് വന്ന് മരിക്കുന്നത്. കൃത്യമായി വ്യായാമം ചെയ്യുന്നവരും ജിമ്മില്‍ പോകുന്നവരും ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവരിലുമെല്ലാം ഇന്ന് ഹൃദയാഘാതം പിടിമുറുക്കുന്നുണ്ട്. എന്തുകൊണ്ടാകും ഇത്തരത്തില്‍ ഒരു അവസ്ഥ ഇപ്പോള്‍ സ്ഥിരമാകുന്നത് ?

നമ്മളില്‍ പലരും ഇന്നത്തെ കാലത്ത് കൃത്യമായ ഓരോഗ്യവും ഭക്ഷണശീലവും പിന്തുടരുന്നവരല്ല. മദ്യവും ഫാസ്റ്റ് ഫുഡും നമ്മുടെയൊക്കെ ജീവിതത്തില്‍ നിത്യസാന്നിധ്യമായി മാറുകയാണിപ്പോള്‍. ഹൃദയാഘാതം ചെറുപ്പക്കാരില്‍ വരാനുള്ള ചില പ്രധാന കാരണങ്ങൾ ചുവടെ പറയുന്നു.

ഫാസ്റ്റ് ഫുഡ്, സംസ്‌കരിച്ച ഭക്ഷണം, എണ്ണയില്‍ വറുത്തതും കൊഴുപ്പും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുകയും അമിതവണ്ണത്തിന് കാരണമാവുകയും ചെയ്യും. ഇത് ഹൃദയാരോഗ്യത്തിന് ദോഷകരമാണെന്ന് മാത്രമല്ല അറ്റാക്കിനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു.

ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നതിന് കാരണമാകുന്നു. ഇത് രക്തയോട്ടം തടസ്സപ്പെടുത്തുകയും ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. നിയന്ത്രിക്കാത്ത പ്രമേഹം രക്തക്കുഴലുകള്‍ക്ക് നാശം വരുത്തുകയും ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

പുകവലി രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. അമിതമായ മദ്യപാനം രക്തസമ്മര്‍ദ്ദം ഉയര്‍ത്താനും ഹൃദയപേശികളെ ദുര്‍ബലമാക്കാനും കാരണമാകും. ഇതും അറ്റാക്കിന്റെ കാരണങ്ങളാണ്.
സ്ഥിരമായ വ്യായാമം ഇല്ലാത്തത് ശരീരഭാരം കൂട്ടാനും രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവ് ഉയര്‍ത്താനും ഇടയാക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയത്തിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുകയും കാലക്രമേണ ഹൃദയപേശികളെ ദുര്‍ബലമാക്കുകയും ചെയ്യും.
എന്നാല്‍ ആഹാരത്തിലെ പ്രശ്‌നങ്ങളും മദ്യവും വ്യായാമമില്ലായ്മയും മാത്രമല്ല ഹൃദയാഘാതത്തിന് കാരണം. ചിലരില്‍ പാരമ്പര്യമായും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകാറുണ്ട്. കൂടാതെ ജോലി സംബന്ധമായതും വ്യക്തിപരമായതുമായ മാനസിക സമ്മര്‍ദവും ചെറുപ്പക്കാരില്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.
