ഓലക്കുടയുടെയും കിരീടത്തിന്റെയും തിരക്കൊഴിഞ്ഞ രജീഷ് പണിക്കർ ഇന്ന് ഓണപ്പൊട്ടനായി ഓട്ടത്തിലാണ്

.
ഉള്ള്യേരി: ചിങ്ങമാസം വന്നാൽ രജീഷ് പണിക്കർക്ക് ഓലക്കുടയുടെയും കിരീടത്തിന്റെയും തിരക്കോതിരക്ക്. തുടർച്ചയായ 32 മത്തെ വർഷവും ഓണപ്പൊട്ടനായി നാടും നഗരവും കീഴടക്കി സഞ്ചരിക്കുകയാണ് ഇന്ന് പണിക്കർ. ഉള്ളിയേരി ഉള്ളൂർ സ്വദേശിയായ രജീഷ് പണിക്കർ ഇന്നും പഴമയുടെയും പാരമ്പര്യത്തിന്റെയും വഴിയേ തന്നെയാണ്. പാരമ്പര്യമായി ചെയ്തുവരുന്ന ജോലിയായ ഓല കുടകൾ പനയോല കൊണ്ടും, മുളകൊണ്ടും ഉണ്ടാക്കുന്ന കുടകൾ പഴമയുടെ തനിമ ഒട്ടും ചോരാതെ ഇദ്ദേഹം കാത്തുസൂക്ഷിക്കുന്നു. പഴയകാലത്ത് വലിയ വലിയ തറവാട് വീടുകളിൽ പാടത്തും പറമ്പിലും ജോലി ചെയ്യുന്ന ആളുകൾ ഉപയോഗിച്ചിരുന്ന തലക്കുടയും സ്ത്രീകൾ ഉപയോഗിച്ചിരുന്ന പെൺകുടയും ഇദ്ദേഹം നിർമ്മിക്കാറുണ്ട്.
.

.
ഇതുകൂടാതെ ക്ഷേത്രങ്ങളിലേക്കുള്ള ആറാട്ട് കുടകളും ഇദ്ദേഹം പല സ്ഥലങ്ങളിലേക്ക് നിർമ്മിച്ചു കൊടുക്കുന്നുണ്ട്. പഴയ തലമുറകൾ എല്ലാം പകർന്നു നൽകിയ ഈ കലാ വിരുതുകൾ ഇപ്പോൾ അന്യം നിന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഇതുകൂടാതെ ഓണക്കാലമായാൽ നിരവധി ഓണപട്ടന്മാർക്കുള്ള കിരീടങ്ങളും ചമയങ്ങളും ഇദ്ദേഹം ചെയ്തു കൊടുക്കാറുണ്ട്.
.

.
സഹായികളായി ഭാര്യ ബിജിലയും മക്കളായ ഹരിനാരായണനും ഗൗരിലക്ഷ്മിയും ഇദ്ദേഹത്തോടൊപ്പം സഹായത്തിനുണ്ട്. തുടർച്ചയായ 32 മത്തെ വർഷവും ഓണപ്പൊട്ടനായി വീടുകൾ സഞ്ചരിക്കുന്ന തിരക്കിലാണിന്ന് ഇന്ന് കാലത്ത് തുടങ്ങിയ ഓട്ടം ഇപ്പോഴും തുടരുകയാണ്. കേരള സംസ്ഥാന ഫോക് ലോർ അവാർഡ് ജേതാവ് കൂടിയാണ് രജീഷ് പണിക്കർ.
.

