പാലക്കാട് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവം: മൂന്ന് പ്രതികളും റിമാന്‍ഡില്‍

പാലക്കാട് കല്ലേക്കാട് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ മൂന്ന് പ്രതികളും റിമാന്‍ഡില്‍. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകന്‍ സുരേഷ്, പൂളക്കാട് സ്വദേശി ഫാസില്‍, കല്ലേക്കാട് സ്വദേശി നൗഷാദ് എന്നിവരാണ് റിമാന്റിലായത്. സുരേഷിന് മൂത്താന്‍ത്തറ സ്‌കൂളിലെ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകനായ സുരേഷിന്റെ വീട്ടില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചത്. മനുഷ്യജീവന് അപായം ഉണ്ടാക്കുന്ന സ്‌ഫോടക വസ്തുക്കളാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുള്ള സമഗ്രികളും കണ്ടെത്തിയതായി എഫ്‌ഐആറിലുണ്ട്.

സുരേഷിന് മൂത്താന്‍തറ വ്യാസ വിദ്യാപീഠം സ്‌കൂളിലെ സ്‌ഫോടനത്തില്‍ പങ്കുള്ളതായും സംശയമുണ്ട്. സുരേഷ്, നൗഷാദ് എന്നീ പ്രതികള്‍ വ്യാസവിദ്യാ പീഠം സ്‌കൂളിലെ സ്‌ഫോടനം നടക്കുന്നതിന്റെ തലേ ദിവസം അവിടെ ഉണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.

പ്രതികളെ പൊലീസ് കോടതിയിലേക്ക് ഇറക്കുന്ന സമയത്ത് തനിക്ക് കേസില്‍ പങ്കില്ലെന്ന് നൗഷാദ് വിളിച്ച് പറഞ്ഞു. പട്ടാമ്പി കോടതി സുരേഷ്, ഫാസില്‍, നൗഷാദ് എന്നീ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

