വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടര വയസ്സുകാരനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ അച്ഛന് അറസ്റ്റില്‍
വേലൂര്‍ : ഭാര്യയുമായി വഴക്കിട്ട് വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടര വയസ്സുകാരനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ അച്ഛന് അറസ്റ്റില്‍. കിരാലൂരില്‍ വാടക വീട്ടില്‍ താമസിക്കുന്ന തമിഴ്നാട് സേലം സ്വദേശി ആനന്ദാണ് അറസ്റ്റിലായത്. നാട്ടുകാരാണ് ആനന്ദിനെ വളഞ്ഞു വെച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. സംഭവത്തോടെ മുങ്ങിയ ആനന്ദ് മകന് മരിച്ചതറിയാതെ വീട്ടില്‍ എത്തിയപ്പോഴാണ് നാട്ടുകാര്‍ പിടികൂടിയത്.
ഫെബ്രുവരി 26നാണ് സംഭവം. രാത്രി വീട്ടില്‍ മദ്യപിച്ചെത്തിയ ആനന്ദ് ഭാര്യ നാഗമ്മയുമായി വഴക്കിടുകയും ഇതിനിടെ ഉറങ്ങുകയായിരുന്ന മകന് മരുതപാണ്ടിയെ കാലില്‍ തൂക്കിയെടുത്ത് പുറത്തേക്കെറിയുകയുമായിരുന്നു. വീടിന്റെ ചവിട്ടുപടിയില്‍ തലയടിച്ചു വീണ കുട്ടിയുടെ തല തകര്‍ന്നു തലച്ചോര്‍ പുറത്തു വന്നു.

ആനന്ദ് വീട്ടിലേക്ക് വരുന്നത് കണ്ട നാട്ടുകാരും സ്ഥലത്തെ ജനപ്രതിനിധികളും ചേര്‍ന്ന് ഇയാളെ വളയുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

