അംഗൻവാടികളിലെ പരിഷ്കരിച്ച മാതൃക ഭക്ഷണ മെനു സെപ്റ്റംബർ 8 മുതൽ നടപ്പിലാക്കും

അംഗൻവാടികളിലെ പരിഷ്കരിച്ച മാതൃക ഭക്ഷണ മെനു സെപ്റ്റംബർ 8 മുതൽ നടപ്പിലാക്കുമെന്ന് വനിതാ ശിശുവികസന ഡയറക്ടർ അറിയിച്ചു. ഇതിന്‍റെ ഭാഗമായി ഓരോ ജില്ലയിൽ നിന്നും ശിശുവികസന പദ്ധതി ഓഫീസർമാരും സൂപ്പർ വൈസർമാരുമടങ്ങുന്ന 4 വീതം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി, 56 പേർക്ക് 3 ദിവസത്തെ സംസ്ഥാനതല പരിശീലനം സർക്കാർ അനുമതിയോടെ കോവളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ ആഗസ്റ്റ് 5 മുതൽ 7 വരെ സംഘടിപ്പിച്ചിരുന്നു.

സംസ്ഥാന തലത്തിൽ ടി ഒ ടി പരിശീലനം ലഭ്യമായ പരിശീലകർ ജില്ലകളിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും ഹോം സയൻസ് സ്ഥാപനങ്ങളുമായി കൈ കോർത്ത് അതാതു ജില്ലകളിലെ സി ഡി പി ഒ ആന്റ് സൂപ്പർവൈസർമാർ / തെരെഞ്ഞെടുത്ത അംഗൻവാടി വർക്കർ / ഹെൽപ്പർ എന്നിവർക്കുള്ള ജില്ലാതല പരിശീലനം നൽകും. തുടർന്ന് ഇവർ സെക്ടർ, സബ് സെക്ടർ തലത്തിൽ 66240 അംഗൻവാടി പ്രവർത്തകർക്കു പരിശീലനം നൽകും.

അംഗൻവാടികളിലെ WBNP വഴി വിതരണം ചെയ്യുന്ന അരിയും സംസ്ഥാന സർക്കാർ പോഷകബാല്യം പദ്ധതിയിലൂടെ അനുവദിക്കുന്ന മുട്ടയും പാലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന അനുവദിച്ചു വരുന്ന മറ്റു ഭക്ഷ്യ സാധനങ്ങളും ഉപയോഗിച്ചാണ് ഗുണഭോക്താക്കളുടെ താല്പര്യത്തിന് അനുസൃതമായി കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുള്ള മാർഗനിർദ്ദേശ പ്രകാരം പരിഷ്കരിച്ച മാതൃക ഭക്ഷണമെനു നടപ്പിലാക്കുന്നത്.

