വിത്തുണ്ടകളുമായി കുഞ്ഞുദേവിക ശബരിമലയിലേക്ക്

കോഴിക്കോട്: സോഷ്യൽ ഫോറസ്‌ട്രി ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ വിത്തൂട്ട് പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ശബരിമലയിൽ 1000 വിത്തുണ്ടകൾ എറിയാൻ സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ് ജേതാവും നിറവ് പരിസ്ഥിതി വിഭാഗം കോ ഓർഡിനേറ്ററുമായ ദേവിക വേങ്ങേരി. ദേവികയുടെ നാലാമത്തെ ശബരിമല യാത്രയിൽ 1000 വിത്തുണ്ടകളുമായാണ് മലകയറുന്നത്. മണ്ണും ചാണകവും മഞ്ഞളും വളങ്ങളുംകൂടി ചേർത്ത ഒരു വിത്തുണ്ടയിൽ 4 വിത്തുകളാണ് ഉള്ളത്.

ഇതിനായി പതിനായിരത്തിൽപ്പരം വിത്തിനങ്ങൾ കോഴിക്കോട് സോഷ്യൽ ഫോറസ്‌ട്രി റെയ്‌ഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ കെ ബൈജുവാണ് ദേവികക്ക് നൽകിയത്. കഴിഞ്ഞ മൂന്നുതവണത്തെ ശബരിമലയാത്രയിലും പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ഓരോ പ്രവർത്തനങ്ങൾ ദേവിക നടത്തിയിരുന്നു. 2023ൽ ആദ്യയാത്രയിലെ മടക്കത്തിൽ സന്നിധാനം മുതൽ പമ്പവരെ വഴിയിൽ കണ്ട പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കവറുകളും ശേഖരിച്ച് പമ്പയിലെ വേസ്റ്റ് ബിന്നിൽ തള്ളി. രണ്ടാമത്തെ യാത്രയിൽ 40 ചന്ദനത്തൈകൾ 40 ക്ഷേത്രങ്ങളിൽ നട്ടുപിടിപ്പിച്ചു.

41ാമത്തെ തൈ മാളികപ്പുറം മേൽശാന്തിക്ക് കൈമാറി. മൂന്നാമത്തെ യാത്രയിൽ തിരിച്ചുവരുന്ന വഴി വനംവകുപ്പ് നെയിം ബോർഡ് സ്ഥാപിച്ച വൻമരങ്ങൾ നിരീക്ഷിച്ച് വൃക്ഷപഠനം നടത്തി. വനമിത്ര അവാർഡ് കരസ്ഥമാക്കിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ വ്യക്തിയാണ്. നാലാം ക്ലാസിൽ പഠിക്കുന്ന ദേവിക പഠനത്തോടൊപ്പം വൃക്ഷസംരക്ഷണം, മാലിന്യ സംസ്കരണം, ജൈവപച്ചക്കറി കൃഷി, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്നുണ്ട്. ദേവികയ്‌ക്കുള്ള യാത്രയയപ്പ് മാത്തോട്ടം കല്യാണി കാവിൽ നടന്ന കെട്ടുനിറയിൽ കോഴിക്കോട് സോഷ്യൽ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ എൻ ദിവ്യ ഉദ്‌ഘാടനം ചെയ്‌തു.

