വിവാഹിതരായത് രണ്ട് മാസം മുമ്പ്; നിലമ്പൂരിൽ നവദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

മലപ്പുറം നിലമ്പൂർ മണലോടിയിൽ യുവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മണലോടി കറുത്തേടത്ത് രാജേഷ് (23), ഭാര്യ അമൃത (18) എന്നിവരാണ് മരിച്ചത്. രാജേഷ് വിഷം ഉള്ളിൽ ചെന്ന് മരിച്ചതെന്നാണ് പൊലീസ് നിഗമനം. അമൃതയെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വിഷം ഉള്ളിൽച്ചെന്ന രാജേഷാണ് ആദ്യം മരിച്ചതെന്ന് ഡോക്ടർ പറഞ്ഞു. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു സംഭവം.

അമ്മയുടെ കരച്ചിൽകേട്ടാണ് അയൽവാസികൾ വീട്ടിലെത്തുന്നത്. രാജേഷും, ഭാര്യ അമൃതയും രാജേഷിന്റെ അമ്മയുമായിരുന്നു വീട്ടിൽ ഒന്നിച്ച് താമസിച്ചിരുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം അറിയാൻ സാധിക്കൂ. അമൃതയുടെ കാലുകളിൽ പരുക്കുകൾ ഉള്ളതായി ഡോക്ടർമാർ പറഞ്ഞു. നിലമ്പൂർ പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചു.

