ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണിക പ്രകാശനം ആഗസ്ത് 21ന്

കോഴിക്കോട്: ചില്ല മാസിക സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സ്മരണിക പ്രകാശനം ആഗസ്ത് 21ന് നടക്കും. ചില്ല മാസികയുടെ മുപ്പത്തിയേഴാം പിറന്നാൾ പതിപ്പ് സ്മരണിക പ്രകാശനം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിക്കും. മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി വി ചന്ദ്രൻ ആദ്യപ്രതി സ്വീകരിക്കും. ആഗസ്ത് 21 ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. കവി പി കെ ഗോപി സ്മരണികയുടെ ആദ്യവായനയും, എഴുത്തുകാരൻ ശത്രുഘ്നൻ ആമുഖ ഭാഷണവും നടത്തും.

ചടങ്ങിൽ മാതൃഭൂമി മാനേജിംഗ് ഡയറക്ടർ ശ്രേയംസ്കുമാർ, സാഹിത്യരംഗത്തെ നിറസാന്നിധ്യമായ യു. കെ. കുമാരൻ, പി പി ശ്രീധരനുണ്ണി, കെ പി സുധീര, ഡോ. സോമൻ കടലൂർ തുടങ്ങിയവർ ഇളയിടത്തോർമ്മകൾ പങ്കുവെക്കും. മുപ്പത്തിയേഴ് വർഷം പൂർത്തിയാക്കിയ ചില്ലയുടെ സാരഥിക്കുള്ള അശ്രുപൂജയാണ് ഈ സ്മരണികയെന്ന് ഇളയിടത്തിന്റെ മകനും ചില്ല മാസിക മാനേജിംഗ് എഡിറ്ററുമായ പ്രശാന്ത് ചില്ല അറിയിച്ചു.
