ദില്ലിയില്‍ മതിലിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 7 പേര് മരിച്ചു

ദില്ലിയില്‍ മതിലിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 7 പേര് മരിച്ചു. തെക്കുകിഴക്കൻ ദില്ലിയിലെ ജയിത്പുരിലാണ് അപകടം. കനത്ത മഴയെ തുടര്‍ന്നാണ് മതിലിടിഞ്ഞ് വീണത്. പരിക്കേറ്റവരെ സഫ്ദർജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് മതിൽ ഇടിഞ്ഞുവീണതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥ ഐശ്വര്യ ശർമ്മ പറഞ്ഞു. വെള്ളിയാഴ്ച രാത്രി മുതൽ ദില്ലിയില്‍ തുടർച്ചയായി കനത്ത മഴ പെയ്തതിനെ തുടർന്നാണ് ഈ മതില് തകർച്ച ഉണ്ടായത്.

കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇവിടെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഷാബിബുൾ (30), റാബിബുൾ (30), അലി (45), റുബിന (25), ഡോളി (25), റുക്സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. മതിൽ ഇടിഞ്ഞ് നിരവധി പേർ കുടുങ്ങിയിരുന്നു. തുടർന്ന് ദില്ലി ഫയർ സർവീസസ് രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തിൽ ഹാഷിബുൾ എന്ന മറ്റൊരാൾക്കും പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

