ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസ്: പി കെ ബുജൈറിന് ജാമ്യമില്ല

ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസിൽ, പി കെ ഫിറോസിൻ്റെ സഹോദരൻ പി കെ ബുജൈറിൻ്റെ ജാമ്യ ഹർജി തള്ളി. കോഴിക്കോട് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

ലഹരി പരിശോധനക്ക് എത്തിയ കുന്ദമംഗലം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജീഷിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസിലാണ് പി കെ ബുജൈറിൻ്റെ ജാമ്യ ഹർജി കോടതി തള്ളിയത്. അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടും പ്രോസിക്യൂഷൻ വാദവും അംഗീകരിച്ചാണ് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. പ്രതി അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നില്ല. ലഹരി പരിശോധനയ്ക്ക് എത്തിയ പൊലീസിനെ ആക്രമിച്ച പ്രതിക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകും, സാക്ഷികളെ സ്വാധീനിക്കും തുടങ്ങിയ വാദങ്ങൾ പ്രോസിക്യൂഷൻ മുന്നോട്ട് വെച്ചിരുന്നു. കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണിൻ്റെ ലോക്ക് തുറന്ന് നൽകാൻ ബുജൈർ തയ്യാറായിരുന്നില്ല.

ഫോൺ പരിശോധിച്ചാൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കൂടുതൾ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിനായി മൊബെൽ ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. നർക്കോട്ടിക്സ് കേസിലെ പ്രതി റിയാസിൻ്റെ ഫോണിൽ നിന്ന് ബുജൈറുമായി നടത്തിയ വാട്ട്സ്ആപ്പ് ചാറ്റ് പോലീസിന് ലഭിച്ചിരുന്നു. ശാസ്ത്രീയ പരിശോധന ഫലം വരുന്നതനുസരിച്ച് തുടർ നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. ഈ മാസം 2 നാണ് കുന്ദമംഗലം ചൂലാംവയൽ വെച്ച് പി കെ ബുജൈർ ലഹരി പരിശോധനക്ക് എത്തിയ പൊലീസിനെ ആക്രമിച്ചത്. ജാമ്യം ലഭിക്കാനായി മേൽ കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അറിയിച്ചു.

