കുട്ടികളുടെ സുരക്ഷയാണ് പ്രധാനം; വിഷമങ്ങൾ പറയാനായി സ്കൂളുകളിൽ പരാതിപ്പെട്ടി വെയ്ക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

വീട്ടിൽ ബന്ധുക്കളിൽനിന്ന് ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിതാവിൽ നിന്നും രണ്ടാനമ്മയിൽ നിന്നും ദുരനുഭവം നേരിട്ട നാലാം ക്ലാസ്സുകാരിയെ ആലപ്പുഴ ചാരുംമൂടിലെത്തി നേരിൽക്കണ്ട് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികൾക്ക് തങ്ങളുടെ വിഷമങ്ങൾ പുറത്തുപറയാൻ കഴിയുന്നില്ല. പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരം വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ ഒരു കണക്കെടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എല്ലാ സ്കൂളുകളിലും ഒരു പരാതിപ്പെട്ടി സ്ഥാപിക്കും. പരാതിപ്പെട്ടികളിൽ കുട്ടികൾക്ക് പേരെഴുതാതെ തന്നെ അവരുടെ അനുഭവങ്ങളും ന്യായമല്ലാത്ത കാര്യങ്ങളും രേഖപ്പെടുത്താം. ഹെഡ്മാസ്റ്റർ പരാതിപ്പെട്ടി ആഴ്ചതോറുമോ മാസത്തിലോ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുകയും സർക്കാരിനെ അറിയിക്കുകയും ചെയ്യണം. മന്ത്രി അറിയിച്ചു.

കുട്ടികളുടെ സംരക്ഷണം ക്ലാസ് ടീച്ചർമാർ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ കുട്ടിയെക്കുറിച്ചും ക്ലാസ് ടീച്ചർമാർക്ക് ഏകദേശം ധാരണയുണ്ടാകും. കുട്ടികളുടെ സംരക്ഷണ കാര്യത്തിൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അതീവ ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

