മയക്കുമരുന്ന് കേസുകളിലെ പ്രതിയെ KAAPA ചുമത്തി നാടുകടത്തി

കോഴിക്കോട്: മയക്കുമരുന്ന് കേസുകളിലെ പ്രതിയെ KAAPA ചുമത്തി നാടുകടത്തി. കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി കഴുങ്ങിൽ വീട്ടിൽ ഷൈജു (51) വിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. പ്രതിയ്ക്ക് കോഴിക്കോട് സിറ്റിയിലെ ടൌൺ പോലീസ് സ്റ്റേഷനിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 23 ഗ്രാം ബ്രൌൺ ഷുഗറുമായി പിടിക്കപ്പെട്ടതിനും, എലത്തൂർ പോലീസ് സ്റ്റേഷനിൽ വിൽപ്പനയിക്കായി സൂക്ഷിച്ച 1.100 കിലോഗ്രാം കഞ്ചാവുമായും, 2025 ൽ 110 ഗ്രാം കഞ്ചാവുമായി പിടികൂടിയതിനും, കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പിടിക്കപ്പെട്ടതിനും മറ്റുമായി പ്രതിയ്ക്കെതിരെ നിരവധി കേസ്സുകൾ നിലവിലുണ്ട്.

പ്രതി എലത്തൂർ, കോഴിക്കോട് ബീച്ച് ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കും, യുവാക്കൾക്കും മയക്കുമരുന്ന് ചില്ലറവിൽപ്പന നടത്തുന്നതിൽ പ്രധാനിയാണ്. തുടർച്ചയായി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുകയും, പൊതുസമൂഹത്തിന് ഭീഷണിയായി മാറുകയും ചെയ്ത പ്രതി എലത്തൂർ പോലീസ് സ്റ്റേഷനിലെ റൌഡി ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണ്. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് പ്രതിക്കെതിരെ എലത്തൂർ പോലീസ് KAAPA നടപടി സ്വീകരിച്ചത്.

എലത്തൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ സമർപ്പിച്ച ശുപാർശയിലാണ് ഡി.ഐ.ജി. & കമ്മിഷണർ കോഴിക്കോട് സിറ്റി ഒരു വർഷത്തേക്ക് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്.
