തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് പാലോട് രവി രാജിവെച്ചു

തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് പാലോട് രവി രാജിവെച്ചു. എല്‍ ഡി എഫ് ഭരണം തുടരുമെന്നുള്ള ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് രാജി. രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. ഫോണ്‍ സംഭാഷണം പുറത്തുവിട്ട ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജലീലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും സണ്ണി ജോസഫ് അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാലാണ് ജലീലിനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.

പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായി പാലോട് രവി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും കോണ്‍ഗ്രസ് എടുക്കാച്ചരക്കാകും എന്നും പറയുന്ന ടെലിഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതാകും. തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. കുറേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേരും. മുസ്ലിം വിഭാഗം സിപിഎമ്മിലേക്കും മറ്റു പാര്‍ട്ടികളിലേക്കും പോകും. കോണ്‍ഗ്രസ് എടുക്കാ ചരക്കാകുമെന്നും പാലോട് രവി ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നു.

