KOYILANDY DIARY.COM

The Perfect News Portal

ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റുന്നു; കൊണ്ടുപോകുന്നത് അതീവ സുരക്ഷയിൽ

കൊടുംകുറ്റവാളി ​ഗോവിന്ദച്ചാമിയെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റുന്നു. രാവിലെ ഏഴോടെ അതീവ സുരക്ഷയിലാണ് ​ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തെത്തിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ഗോവിന്ദച്ചാമി ജയിൽ ചാടിയതിനെ തുടർന്നാണ് നടപടി.

ഇന്നലെയായിരുന്നു ഗോവിന്ദച്ചാമി ജയിൽ ചാടിയതും മണിക്കൂറുകൾക്കുള്ളിൽ തന്നെ പിടികൂടിയതും. ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പ്രതി ജയിൽ ചാടിയത്.

 

ജയിൽ ചാട്ടത്തിന് ശേഷം തമിഴ് നാട്ടിലേക്ക് കടക്കാനായിരുന്നു ഗോവിന്ദച്ചാമി പദ്ധതിയിട്ടതെന്ന് റിമാൻഡ് റിപ്പോർട്ട്. റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി തെറ്റിയതിനാൽ എത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സഹതടവുകാരനോട് ജയിൽ ചാട്ടത്തെക്കുറിച്ച് പറഞ്ഞിരുന്നു. ജയിൽ ചാട്ടത്തിന് 6 മാസം മാത്രമേ ശിക്ഷയുള്ളൂ എന്ന് സഹതടവുകാരൻ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. അരം ഉപയോഗിച്ചാണ് അഴിമുറിക്കാനുള്ള ബ്ലേഡ് ഉണ്ടാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

Advertisements

 

ജയിൽ ചാടാനുള്ള തീരുമാനം 5 വർഷം മുമ്പേ എടുത്തെന്ന് ഇന്നലെ ഗോവിന്ദച്ചാമി മൊ‍ഴി നൽകിയിരുന്നു. ഇനി ഒരിക്കലും ജയിലിൽ നിന്നും ഇറങ്ങാൻ കഴിയില്ല എന്ന് തോന്നിയതിനാലാണ് ജയിൽ ചാടിയതെന്നും മൊ‍ഴിയിലുണ്ട്. ചില സഹതടവുകാർക്ക് തന്‍റെ നീക്കം അറിയാമായിരുന്നു എന്ന് ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഇത് ശരി വക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട്.

 

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഹെഡ് വാർഡനെയും മൂന്ന് വാർഡൻമാരെയുമാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന് രാവിലെ 11 മണിക്ക് ഓൺലൈനായി ചേരും. സംസ്ഥാന പൊലീസ് മേധാവി, ജയിൽ മേധാവി, ആഭ്യന്തര സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

Share news