KOYILANDY DIARY.COM

The Perfect News Portal

താളം പിഴയ്‌ക്കാതെ ചെണ്ട കൊട്ടിപ്പഠിച്ച് നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍

നടുവണ്ണൂർ കുഞ്ഞുവിരലില്‍ താളം പിഴയ്‌ക്കാതെ ചെണ്ട കൊട്ടിപ്പഠിക്കുകയാണ് നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍. വിദ്യാലയത്തില്‍ 15 വര്‍ഷമായുള്ള മഴവില്‍ കലാകൂട്ടായ്മയുടെ ഭാഗമായാണ് ചെണ്ട പരിശീലനം ഒരുക്കിയത്. ഇപ്പോള്‍ വിദ്യാലയത്തിലെ 25 കുട്ടികളുടെ പഠനത്തിലും ജീവിതത്തിലും പുതുതാളമായി മാറിയിരിക്കുകയാണ് പരിശീലനം.

കുട്ടികള്‍ കൊട്ടിപ്പഠിക്കുന്നത് കണ്ടതോടെ ആവേശം കയറിയ അധ്യാപകരും രക്ഷിതാക്കളും ചെണ്ട കൊട്ടലിൽ പങ്കാളികളാവുന്നു. രക്ഷിതാക്കളും അധ്യാപകരുമായി 15 പേരാണ് പരിശീലനം നേടുന്നത്. രണ്ടു ബാച്ചായി സ്‌കൂള്‍ സമയത്തിനുശേഷമാണ് പഠനം. ചെണ്ടവാദ്യ കലാകാരന്‍ സി പി ഉണ്ണിയും മകന്‍ സുധിന്‍ നടുവണ്ണൂരുമാണ് പരിശീലകര്‍. മറ്റിടങ്ങളില്‍ വലിയ തുക മുടക്കി പഠിക്കേണ്ട ചെണ്ട പരിശീലനത്തിന് കുറഞ്ഞ തുക മാത്രമാണ് കുട്ടികളില്‍നിന്ന് ഈടാക്കുന്നത്. ഈ തുക പരിശീലകര്‍ക്ക് നല്‍കും.

 

സ്‌കൂള്‍ എസ്എംസിയുടെയും രക്ഷിതാക്കളുടെയും പിന്തുണയില്‍ തുടരുന്ന പരിശീലനം 2026 ഫെബ്രുവരിയില്‍ അരങ്ങിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ലയം, വര്‍ണം, അരങ്ങ്, നടനം ഫിലിം ക്ലബ് എന്നീ അഞ്ചു വിഭാഗങ്ങളിലായി സംഗീതം, ചിത്രരചന, അഭിനയം, നൃത്തം, സിനിമ എന്നിവയിലെ പ്രതിഭകളെ കണ്ടെത്താനും പരിശീലനം നല്‍കാനുമുള്ള സ്‌കൂളിന്റെ തനതു പ്രവര്‍ത്തനമാണ് മഴവില്‍ കലാകൂട്ടായ്മ. സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ കെ സി രാജീവനാണ് കൂട്ടായ്മക്ക് തുടക്കമിട്ടത്. നിലവില്‍ ഷാജി കാവില്‍, എ കെ സുരേഷ് ബാബു എന്നീ അധ്യാപകരാണ് നേതൃത്വം നല്‍കുന്നത്.

Advertisements

 

 

Share news