വി എസ് അവസാനമായി പാർട്ടി ജില്ലാ ആസ്ഥാനത്ത്; കെ കൃഷ്ണപിള്ള സ്മാരക മന്ദിരത്തില്‍ പൊതുദർശനം ആരംഭിച്ചു

കേരളത്തിന്റെ സമരജീവിതത്തെ രാകിമിനുക്കിയ ആലപ്പുഴ പാർട്ടി ആസ്ഥാനത്തേക്ക് ഒരിക്കൽകൂടി ആ വിപ്ലവ പോരാളിയെത്തി. പുന്നപ്രയുടെ മണിമുത്തേ, പോരാട്ടത്തിൻ സമര നായകനേ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴങ്ങിയ അന്തരീക്ഷത്തിൽ, വി എസിൻ്റെ മൃതദേഹം പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തില്‍ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, എം എ ബേബി, എം വി ഗോവിന്ദൻ മാസ്റ്റർ അടക്കമുള്ള പാർട്ടി നേതാക്കളും ആബാലവൃദ്ധം ജനങ്ങളും അവിടെയുണ്ടായിരുന്നു. ഉച്ചയ്ക്ക് 3.20ഓടെയാണ് പാർട്ടി ഓഫീസിൽ എത്തിച്ചത്.

ഉച്ചയ്ക്ക് 2.40ഓടെയാണ്, സ്നേഹവായ്പോടെ ചേര്‍ത്തണച്ച വീട്ടില്‍ നിന്ന് എന്നെന്നേക്കും വി എസ് അച്യുതാനന്ദന്‍ പടിയിറങ്ങിയത്. ഏറെക്കാലം ജില്ലയിലെ പാര്‍ട്ടിക്ക് നെടുനായകത്വം വഹിച്ച അദ്ദേഹം പിന്നീട് കേരളത്തിലെ പാർട്ടിയുടെയും സംസ്ഥാനത്തിന്റെയും പ്രതിപക്ഷത്തിന്റെയും നേതാവായത് ചരിത്രം. സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം ആരംഭിച്ചിട്ടുണ്ട്.

ദിക്കുപൊട്ടുമാറുച്ചത്തില്‍ അലയടിക്കുന്ന അഭിവാദ്യവിളികളുടെ അകമ്പടിയുമായി ആ വിപ്ലവസൂര്യന്റെ അവസാന യാത്രയാണ് ആലപ്പുഴയില്‍ പുരോഗമിക്കുന്നത്. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്ക് ഉച്ചയ്ക്ക് 12ന് ശേഷമാണ് വി എസിന്റെ മൃതദേഹം എത്തിച്ചത്. തിരുവനന്തപുരത്ത് പുറപ്പെട്ട വിലാപയാത്ര 22 മണിക്കൂറിന് ശേഷമാണ് വേലിക്കകത്ത് വീട്ടിലെത്തിയത്. കേരളത്തിന്റെ പരിച്ഛേദമായി വേലിക്കകത്ത് വീട് മാറി. ആബാലവൃദ്ധം ജനങ്ങളും അവിടെ തടിച്ചുകൂടിയിരുന്നു. തിരുവനന്തപുരം മുതല്‍ വേലിക്കകത്ത് വരെ റോഡിന്റെ ഇരുവശങ്ങളിലുമായി തടിച്ചുകൂടിയ പതിനായിരക്കണക്കിന് പേരുടെ ഹൃദയവായ്പ് ഏറ്റുവാങ്ങിയാണ് വിലാപയാത്ര വേലിക്കകത്ത് വീട്ടില്‍ അവസാനിച്ചത്.

