ഇന്ത്യൻ പെൺകരുത്ത്; വനിതാ ചെസ് ലോകകപ്പിൽ കൊനേരു ഹംപി സെമിയിൽ

വനിതകളുടെ ഫിഡെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി സെമിയില്‍ കടന്ന് ചരിത്രം സൃഷ്ടിച്ചു. ചൈനയുടെ യുക്‌സിൻ സോങ്ങിനെ ക്വാർട്ടറിൽ തകർത്തടിച്ചാണ് കൊനേരു സെമിയിൽ കയറിയത് (1.5-0.5). മറ്റൊരു ക്വാർട്ടറിൽ ഇന്ത്യൻ താരമായ ആർ. വൈശാലി മുൻ ലോകചാമ്പ്യൻ ചൈനയുടെ ടാൻ സോങ്കിയോട് കീഴടങ്ങി (1.5-0.5).

ഇക്കുറി ഇന്ത്യന്‍ ചെസ് ചരിത്രത്തില്‍ ആദ്യമായി നാല് ഇന്ത്യക്കാരികള്‍ ക്വാര്‍ട്ടര്‍ ഫൈനലിലും കടന്നിരുന്നു. കൊനേരു ഹംപി, വൈശാലി, ഹരിക ദ്രോണാവലി, ദിവ്യ ദേശ്മുഖ് എന്നിവരായിരുന്നു ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ ഗെയിം ജയിച്ച ഹംപി രണ്ടാം ഗെയിമിൽ ചൈനീസ് താരത്തെ സമനിലയിൽ തളച്ചു. ഹംപിയുടെ ജയത്തോടെ രണ്ട് ഇന്ത്യൻതാരങ്ങൾ സെമിയിലെത്തുമെന്ന് ഉറപ്പായി. ഒരു ക്വാർട്ടറിൽ ഇന്ത്യൻ താരങ്ങളായ ദിവ്യ ദേശ്മുഖും ഹരികാ ദ്രോണാവല്ലിയുമാണ് ഏറ്റുമുട്ടുന്നത്. ഇരുവരും തമ്മിലുള്ള ആദ്യ ഗെയിം സമനിലയിലാണ്. 38 കാരിയായ കൊനേരു ഹംപി ആന്ധ്രയിലെ ഗുഡിവാഡ സ്വദേശിയാണ്. 2016 മുതല്‍ ഒഎന്‍ജിസി ജീവനക്കാരി കൂടിയാണ് കൊനേരു ഹംപി.

