ഓപ്പറേഷന്‍ സിന്ദൂറിനിടയില്‍ വെള്ളവും ഭക്ഷണവും നല്‍കി; പത്ത് വയസുകാരനെ ചേർത്ത് പിടിച്ച് ഇന്ത്യന്‍ ആര്‍മി, പഠന ചെലവ് ഏറ്റെടുത്തു

ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുന്നതിനിടയില്‍ പഞ്ചാബിലെ ഗ്രാമത്തില്‍ സൈനികര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത പത്തുവയസുകാരന്റെ പഠന ചിലവ് ഏറ്റെടുത്ത് ഇന്ത്യന്‍ ആര്‍മി. ഫിറോസ്പുര്‍ ജില്ലയിലെ മംദേതില്‍നിന്നുള്ള നാലാംക്ലാസുകാരനായ ശ്വന്‍ സിങ്ങിന്റെ പഠനച്ചെലവാണ് സൈന്യം ഏറ്റെടുത്തത്. ശനിയാഴ്ച ഫിറോസ്പുരില്‍ ശ്വന്നിനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു സൈന്യം പ്രഖ്യാപനം നടത്തിയത്. വെസ്റ്റേണ്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ മനോജ് കുമാര്‍ കട്യാര്‍ ചടങ്ങില്‍ പങ്കെടുത്തു.

പാകിസ്ഥാന്‍ സൈന്യവുമായി ഇന്ത്യന്‍ സേന പോരാട്ടം തുടരുന്നതിനിടയില്‍ വെള്ളം, ഐസ്, ചായ, പാല്‍, ലസി തുടങ്ങിയ സാധനങ്ങളാണ് ശ്വന്‍ സൈനികര്‍ക്ക് എത്തിച്ചുകൊടുത്തത്. ആരുടെയും ശ്രദ്ധയും പരിഗണനയും നേടാന്‍ വേണ്ടിയല്ലാതെ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഓരോ ഹീറോകളെയും ഓര്‍മിപ്പിക്കുന്നതാണ് ശിവാന്റെ കഥയെന്നും അവരെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും വേണമെന്നും വെസ്റ്റേണ്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ മനോജ് കുമാര്‍ പറഞ്ഞു. വലുതാവുമ്പോള്‍ സൈനികനാവാനാണ് ശിവാന്റെ ആഗ്രഹം.

അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന താര വാലി ഗ്രാമം ഓപ്പറേഷൻ സിന്ദൂരിനിടെ തീവ്രമായ വെടിവയ്പ്പുകൾക്ക് സാക്ഷ്യം വഹിച്ചു. മെയ് 7 ന് ആരംഭിച്ച ഈ ഓപ്പറേഷനിൽ, പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീരിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം പുലർച്ചെ മിസൈൽ ആക്രമണം നടത്തി. ഇതിൽ ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ എന്നിവയുടെ പ്രധാന താവളങ്ങളും ഉൾപ്പെടുന്നു.

ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനുള്ള പ്രതികാരമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. ഇതിനു മറുപടിയായി, തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ പാകിസ്ഥാൻ ഇന്ത്യൻ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തുകയും അതിർത്തി പ്രദേശങ്ങളിൽ ഷെല്ലാക്രമണം നടത്തുകയും ചെയ്തു.

