KOYILANDY DIARY.COM

The Perfect News Portal

കരകൗശല വിദഗ്‌ധരുടെ സംഗമവേദിയായി സർഗാലയ

പയ്യോളി: ഇരിങ്ങൽ സർഗാലയയിൽ സംഘടിപ്പിച്ച ശിൽപ്പശാല കാസർകോട്‌ മുതൽ തിരുവനന്തപുരം വരെയുള്ള കരകൗശല വിദഗ്‌ധരുടെ സംഗമവേദിയായി. നിലവിൽ നൂറിൽപ്പരം കരകൗശല വിദഗ്ധർ സർഗാലയയിൽ സ്ഥിരം ജോലി ചെയ്യുന്നുണ്ട്. കൂടുതൽ പേർക്ക്‌ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ്‌ ശിൽപ്പശാല സംഘടിപ്പിച്ചത്‌. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച കരകൗശല മേളയിലൂടെയും മറ്റു പ്രോത്സാഹന പരിപാടികളിലൂടെയും ആയിരത്തിൽപ്പരം കരകൗശലവിദഗ്ധർക്ക്‌ സർഗാലയയിലൂടെ നിലവിൽ വിപണനാവസരം ഒരുക്കുന്നുണ്ട്. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2010ൽ കരകൗശല വിദഗ്‌ധർക്കായി ശിൽപ്പശാല നടത്തിയശേഷം 2011ലാണ്‌ സർഗാലയ ആരംഭിച്ചത്.

അതിനുശേഷം ആദ്യമായാണ് ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. ശിൽപ്പശാലയിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ സർഗാലയയുടെ ഭാഗമാവാൻ അവസരം ലഭിക്കും. ഹാൻഡിക്രാഫ്റ്റ്സ് സർവീസ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ദർശന രാഘവൻ ഉദ്ഘാടനം ചെയ്തു. യുഎൽസിസിഎസ് ഡയറക്ടർ ടി ടി ഷിജിൻ അധ്യക്ഷനായി. കെഎസ്ഐഡി മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ പി ടി ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി. എസ് നിപിൻ, അശ്വിൻ, സി സൂരജ് എന്നിവർ സംസാരിച്ചു. സർഗാലയ സീനിയർ ജനറൽ മാനേജർ ടി കെ രാജേഷ് സ്വാഗതവും ക്രാഫ്റ്റ്‌സ് ആൻഡ് ഡിസൈൻ മാനേജർ കെ കെ ശിവദാസൻ നന്ദിയും പറഞ്ഞു.

 

Share news